നിർഭയ കേസ്; വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളെയും കണ്ടംഡ് സെല്ലിലെക്ക് മാറ്റും

നിർഭയ കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളെയും കണ്ടംഡ് സെല്ലിലെക്ക് മാറ്റും. ബ്ലാക്ക് വാറണ്ട് ഇന്നലെ രാത്രി ജയിലിൽ എത്തിയ സാഹചര്യത്തിലാണ് ഇവരെ കണ്ടംഡ് സെല്ലിലെയ്ക്ക് മാറ്റുക.
അതേസമയം നാല് പ്രതികളെയും ജയിലധികൃതർ ശിക്ഷാവിധി നടപ്പാക്കാൻ തീയതി നിശ്ചയിക്കപ്പെട്ട കാര്യം അറിയിച്ചു. വിവരം അറിഞ്ഞ പ്രതികളിൽ ഒരാൾ ബോധരഹിതനായി വീണതായി ജയിൽ അധികൃതർ അറിയിച്ചു.
തീഹാറിലെ തന്നെ രണ്ട് ജയിലുകളിലായാണ് പ്രതികളെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. പവൻ എന്ന പ്രതിയെ 4-ാം നമ്പർ ജയിലിലും മറ്റ് മൂന്ന് പേരെ രണ്ടാം നമ്പർ ജയിലിലേക്കുമാണ് മാറ്റുക. വീഡിയോ കോൺഫറൻസിലൂടെ ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇവരെ വിധി പ്രസ്താവത്തിന് മുൻപ് സെല്ലുകളിലേക്ക് മടക്കി കൊണ്ട് പോയിരുന്നു. വധശിക്ഷയ്ക്കുള്ള തീയതി നിശ്ചയിച്ച വിവരം സന്ധ്യയോടെയാണ് കോടതി നിർദേശ പ്രകാരം ജയിൽ എത്തിയ തിലക് മാർഗ്ഗ് എസ്എച്ച്ഒ പ്രതികളെ അറിയിച്ചത്.
മുകേഷ്, വിനയ് ശർമ്മ, അക്ഷയ് സിംഗ് തുടങ്ങിയ മൂന്ന് പേരും ഒരു ഭാവഭേഭവും ഇല്ലാതെ വിവരം കെട്ടു. നാലാം നമ്പർ ജയിലിലെ സെല്ലിൽവച്ച് കോടതി തീരുമാനം അറിഞ്ഞ പവൻ ബോധരഹിതനായി നിലം പതിച്ചു. കോടതിയുടെ ദൂതനായ് എത്തിയ തിലക് മാർഗ്ഗ് എസ്എച്ച്ഒ മരണവാറന്റ് തീഹാർ ജയിൽ ഡിജി സന്ദീപ് ഗോയലിന് കൈമാറി. ഇതിന്റെ പകർപ്പ് കൈമാറിയ ശേഷം പ്രതികളെ ഇന്ന് രാവിലെ കണ്ടംഡ് സെല്ലിലേക്ക് മാറ്റും എന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതീവ ശ്രദ്ധയോടെയുള്ള സുരക്ഷയ്ക്കും നീരിക്ഷണത്തിനും ആകും പ്രതികളെ കണ്ടംഡ് സെല്ലിൽ വിധേയമാക്കുക. എല്ലാ ദിവസവും മൂന്ന് തവണ ആരോഗ്യ പരിശോധന നടത്തും. അതേസമയം, പ്രതികളെ സന്ദർശിക്കാൻ ഇന്ന് അവരുടെ അഭിഭാഷകർ ജയിലധികൃതരുടെ അനുവാദം തേടിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കണ്ടംഡ് സെല്ലിൽവച്ചാകും പ്രതികൾക്ക് അഭിഭാഷകരെ കാണാൻ അവസരം ഒരുക്കുക. പ്രതികളിൽ മുകേഷ് സിംഗിന്റെ അമ്മ മകനെ കാണാൻ അനുവാദം തേടിയിട്ടുണ്ട്. ഇവർ ഇന്നലെ കോടതി മുറിയിൽ മകനോട് ക്ഷമിയ്ക്കണം എന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മയോട് അലമുറയിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here