കശ്മീർ നിയന്ത്രണങ്ങളിൽ സുപ്രിംകോടതി വിധി നാളെ

ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രിംകോടതി വിധി നാളെ. ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ രാവിലെ 10.30നാണ് വിധി പറയുക. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി. ആർ ഗവായ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചത്, ഇന്റർനെറ്റ് ബന്ധം റദ്ദാക്കിയത് ഉൾപ്പടെയുള്ളവയെ ചോദ്യം ചെയ്താണ് ഹർജികൾ സമർപ്പിച്ചിരുന്നത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മീർ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ എന്നിവരാണ് ഹർജികൾ നൽകിയത്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത്. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here