Advertisement

മൂന്ന് റെഡ് കാർഡ്, അഞ്ചു ഗോൾ; നാടകാന്തം ഗോകുലത്തെ തോൽപിച്ച് ചെന്നൈ

January 9, 2020
1 minute Read

ഗോകുലം കേരള എഫ്സിക്ക് ഐലീഗ് സീസണിലെ രണ്ടാം തോൽവി. ഫിനിഷിംഗിലെ പാളിച്ചകളാണ് ഗോകുലത്തിനു ജയം നിഷേധിച്ചത്. മൂന്നു ഗോളിനു പിന്നിൽ നിന്ന് ആതിഥേയർ അവസാന ഘട്ടത്തിലാണ് രണ്ട് ഗോൾ തിരിച്ചടിച്ചത്. അവസാന ഘട്ടത്തിൽ കളി കയ്യാങ്കളിയായതോടെ ഇരു ടീമുകളിലുമായി മൂന്നു പേർ ചുവപ്പു കാർഡ് കണ്ടു പുറത്തു പോയി. രണ്ട് ചുവപ്പു കാർഡും പരുക്കുമടക്കം മൂന്നു പേർ പുറത്തായതോടെ എട്ടു പേരുമായാണ് ഗോകുലം കളി പൂർത്തിയാക്കിയത്.

പൊസിഷൻ ഫുട്ബോൾ ഫലപ്രദമായി കളിച്ച ഗോകുലം ചെന്നൈ ഡിഫൻഡർമാരെ പലതവണ വിറപ്പിച്ചെങ്കിലും ലക്ഷ്യമ് ഭേദിക്കാനായില്ല. കഴിഞ്ഞ സീസണിൽ കാഴ്ച വെച്ച കൗണ്ടർ അറ്റാക്ക് തന്നെയാണ് ഗോകുലത്തിനെതിരെയും നിലവിലെ ചാമ്പ്യന്മാർ പുറത്തെടുത്തത്. ഗൊകുലത്തിൻ്റെ അറ്റാക്കിനൊടുവിൽ ചെന്നൈ നടത്തിയ കൗണ്ടർ അറ്റാക്ക് ഗോളിൽ അവസാനിക്കുമ്പോൾ ആദ്യ പകുതി തീരാൻ ഒരു മിനിട്ട് കൂടിയേ ഉണ്ടായിരുന്നുള്ളൂ. അഡോൾഫോ മിറാൻഡയാണ് ചെന്നൈ സ്കോറിംഗിനു തുടക്കമിട്ടത്.

രണ്ടാം പകുതിയിൽ പ്രവിറ്റോ രാജുവും, ശ്രീരാമും കൂടെ ചെന്നൈക്കായി സ്കോർ ചെയ്തു. 76ആം മിനിട്ടിൽ മൂന്നു ഗോളിനു പിന്നിലായി തോൽവി ഉറപ്പിച്ച ഇടത്തു നിന്നാണ് ഗോകുലം തിരിച്ചടിക്കാൻ തുടങ്ങിയത്. സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ ശിബിൽ മുഹമ്മദ് 81, 90 മിനിട്ടുകളിൽ നേടീയ ഗോളുകളോടെ ഗോകുലം കളിയിലേക്ക്ക് തിരികെ വന്നു. 7 മിനിട്ടായിരുന്നു ഇഞ്ചുറി ടൈം. ഒരു ഗോൾ കൂടി അടിച്ച് കളി സമനിലയാക്കാനുള്ള വ്യഗ്രതയിൽ ഗോകുലം പരുക്കൻ കളി പുറത്തെടുത്തു. ഇതിനിടെ ഗോകുലം കേരള എഫ് സി കീപ്പർ വിഗ്നേഷ് ഭാസ്കരൻ പരുക്കേറ്റ് പുറത്ത് പോയി. മൂന്ന് സബ്സ്റ്റിട്യൂഷനുകളും കഴിഞ്ഞതിനാൽ ഗോകുലം ഡിഫൻഡറായ മുഹമ്മദ് ഇർഷാദിനെ ഗോൾ കീപ്പറാക്കേണ്ടി വന്നു. പിന്നാലെ ഇർഷാദും ഒപ്പം മറ്റൊരു ഡിഫൻഡർ ഹാറൂൺ അമീരിയും ചുവപ്പു കണ്ടു. ചെന്നൈയും വിട്ടു കൊടുത്തില്ല. മഷൂർ ഷരീഫും വാങ്ങി ഒരു റെഡ് കാർഡ്.

തോൽവിയോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയവും തോൽവിയുമടക്കം 7 പോയിൻ്റുമായി ഗോകുലം പട്ടികയിൽ ഏഴാമതാണ്. ചെന്നൈ സിറ്റി ആറു മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയവും തോൽവിയും സമനിലയും സഹിതം എട്ട് പോയിൻ്റുമായി പട്ടികയിൽ അഞ്ചാമതാണ്.

Story Highlights: I League, Chennai City FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top