ലങ്കയെ തകർത്ത് ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ജയം 78 റൺസിന്

ശ്രീലങ്കയ്‌ക്കെതിരായ ടി ട്വന്റി പരമ്പര ഇന്ത്യക്ക്. 78 റൺസിനാണ് കോലി പടയുടെ ജയം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടും മൂന്നും മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. വിജയം തേടിയിറങ്ങിയ ശ്രീലങ്ക 15.5 ഓവറിൽ 123 റൺസിന് ഓൾ ഔട്ടായി. ലങ്കയ്ക്ക് വേണ്ടി മുൻ നായകൻ എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യക്കായി നവ്ദീപ് സെയ്‌നി മൂന്ന് വിക്കറ്റുകൾ നേടി. വാഷിങ്ടൻ സുന്ദർ, ശാർദുൽ താക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ബുമ്‌റ ഒരു വിക്കറ്റ് നേടി.
നേരത്തേ ടോസ് നേടി ലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഓപണർമാരായ കെ. എൽ രാഹുൽ (54), ശിഖർ ധവാൻ (52), എന്നിവർ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. രാഹുൽ അഞ്ച് ഫോറും ഒരു സിക്‌സും നേടി. ധവാൻ ഏഴ് ഫോറും ഒരു സിക്‌സും പറത്തി.
ശ്രീലങ്കയ്ക്ക് വേണ്ടി ലക്ഷൻ സൻഡകൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ലഹിരു കുമാര, വനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ജഴ്‌സിയണിഞ്ഞ സഞ്ജു സാംസൺ ആരാധകർക്ക് നൽകിയത് നിരാശയായിരുന്നു. ആദ്യ പന്തിൽ സിക്‌സറടിച്ച സഞ്ജു രണ്ടാം പന്തിൽ പുറത്തായി. ഏറെ പ്രതീക്ഷയോടെയായിരുന്നു സഞ്ജുവിന്റെ വരവിനെ ആരാധകർ നോക്കിക്കണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here