ശബരിമല യുവതി പ്രവേശനം; പുതിയ സത്യവാങ്മൂലം നൽകില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്

ശബരിമല യുവതി പ്രവേശനത്തിൽ പുതിയ സത്യവാങ്മൂലം നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ വാസു. 2016ൽ നൽകിയ സത്യവാങ്മൂലം ഇപ്പോഴും നിലനിൽക്കുകയാണ്. പുതിയ സത്യവാങ്മൂലം നൽകേണ്ടി വന്നാൽ ഭക്തരുടെ താത്പര്യംകൂടി കണക്കിലെടുക്കുമെന്നും എൻ വാസു വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഈ മാസം 13ന് പരിഗണിക്കുമെന്നാണ് അറിയുന്നതെന്ന് ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. പുതിയ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിക്കുകയോ, നൽകേണ്ട സാഹചര്യം ഉണ്ടാകുകയോ ഉണ്ടായിട്ടില്ല. 2016ൽ യുവതി പ്രവേശനത്തിനു എതിരായി ബോർഡ് നൽകിയ സത്യവാങ്മൂലമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പുതിയത് നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ഇന്നു ചേർന്ന ബോർഡ് യോഗത്തിന്റെ തീരുമാനം. പുതിയ സത്യവാങ്മൂലം നൽകേണ്ട സാഹചര്യം ഉണ്ടായാൽ ഭക്തരുടെ താത്പര്യമുൾപ്പെടെ സംരക്ഷിച്ചു കൊണ്ടായിരിക്കും നിലപാട് എടുക്കുക. ഭക്തരുടെ താത്പര്യം വേണ്ടി വന്നാൽ മതപണ്ഡിതരുമായി ആലോചിക്കും. ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടാണ് ബോർഡിന് എപ്പോഴുമുള്ളത്. മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here