വനിതാ ടി-20 ലോകകപ്പ്; ഇന്ത്യൻ ടീമിൽ 16കാരിയായ സർപ്രൈസ് താരം

അടുത്ത മാസം ആരംഭിക്കുന്ന വനിതാ ടി-20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 16കാരിയായ ബംഗാൾ പുതുമുഖ ബാറ്റർ റിച്ച ഘോഷ് ആണ് ടീമിലെ സർപ്രൈസ് താരം. ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ നയിക്കുക. ഫെബ്രുവരി 21ന് ടൂർണമെൻ്റ് ആരംഭിക്കും. ഓസ്ട്രേലിയയാണ് ആതിഥേയർ.
അടുത്തിടെ അവസാനിച്ച ചലഞ്ചേഴ്സ് ട്രോഫിയിൽ ‘ഇന്ത്യ ബി’ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചതാണ് മധ്യനിര ബാറ്ററായ റിച്ചക്ക് ടീമിൽ അവസരമൊരുക്കിയത്. കഴിഞ്ഞ സീസണിൽ ബംഗാൾ അണ്ടർ-19 ടീമിനു വേണ്ടിയും റിച്ച ശ്രദ്ധേയമായ ബാറ്റിംഗ് പുറത്തെടുത്തിരുന്നു. ഫൈനൽ ഇലവനിൽ ടീമിലെത്താനുള്ള സാധ്യത വളരെ കുറവാണെങ്കിലും പരിശീലന മത്സരങ്ങളിൽ റിച്ച കളിച്ചേക്കും.
15കാരിയായ അത്ഭുത താരം ഷെഫാലി വർമ്മയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിഹാസ താരം മിതാലി രാജിനു പകരക്കാരിയായി ടീമിലെത്തിയ ഷെഫാലി ടീമിലെ സ്ഥിര സാന്നിഥ്യമായിരിക്കുകയാണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് 47.25 ശരാശരിയിൽ 189 റൺസെടുത്ത ഷെഫാലിയാണ് ചലഞ്ചർ ട്രോഫിയിലെ ടോപ്പ് സ്കോറർ. 159 ആണ് ടൂർണമെൻ്റിൽ ഈ കൗമാര താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ്. ‘ഇന്ത്യ സി’യുടെ താരമായിരുന്ന ഷഫാലി ഫൈനലിൽ ‘ഇന്ത്യ ബി’ക്കെതിരെ 48 പന്തുകളിൽ 89 റൺസ് നേടി പുറത്താവാതെ നിന്ന് ടീമിനെ വിജയിപ്പിച്ചിരുന്നു.
സമീപകാലത്ത് വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തി അത് ചലഞ്ചർ ട്രോഫിയിൽ ‘ഇന്ത്യ എ’ ടീമിനു വേണ്ടി തുടർന്ന യുവതാരം പ്രിയ പുനിയയും ഓസ്ട്രേലിയയിലേക്ക് പറക്കും. ഷെഫാലിയും മന്ദനയും ഉള്ളതുകൊണ്ട് തന്നെ പ്രിയക്ക് ഫൈനൽ ഇലവനിൽ ഇടം ലഭിച്ചേക്കില്ല. ടൂർണമെൻ്റിൽ 8 വിക്കറ്റുകളുമായി പട്ടികയിൽ ഒന്നാമതെത്തിയ ലെഫ്റ്റ് ആം സ്പിന്നർ രാജേശ്വരി ഗെയ്ക്‌വാദും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഹർലീൻ ഡിയോൾ, വേദ കൃഷ്ണമൂർത്തി, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, ശിഖ പാണ്ഡെ, രാധ യാദവ് തുടങ്ങിയവരും ടീമിലുണ്ട്. തനിയ ഭാട്ടിയ ആണ് ടീമിലെ ഏക വിക്കറ്റ് കീപ്പർ.
21ന് സിഡ്നിയിൽ ആതിഥേയരായ ഓസ്ട്രേലിയയെ എതിരിട്ടു കൊണ്ടാണ് ടീം ഇന്ത്യ തങ്ങളുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുക. പാകിസ്താനും വെസ്റ്റ് ഇൻഡീസിനുമെതിരെ യഥാക്രമം 16നും 18നും ഇന്ത്യ രണ്ട് പരിശീലന മത്സരങ്ങളും കളിക്കും.
Story Highlights: T-20 World Cup, Woman’s Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here