പഞ്ചാബിന്റെ പ്രതിരോധം അവസാനിച്ചു; കേരളത്തിന് 21 റൺസ് വിജയം

പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ആവേശജയം. അഞ്ചാം റൗണ്ട് മത്സരത്തിൽ പഞ്ചാബിനെ 21 റൺസിനാണ് കേരളം തോല്പിച്ചത്. കേരളത്തിനു വേണ്ടി ജലജ് സക്സേന 7 വിക്കറ്റ് വീഴ്ത്തി. സിജോമോൻ ജോസഫ് രണ്ടും എംഡി നിതീഷ് ഒരു വിക്കറ്റുമെടുത്തു. 23 റൺസെടുത്ത മയങ്ക് മാർക്കണ്ഡെയാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ.
144 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് രണ്ടാം ഇന്നിംഗ്സിൽ സക്സേനക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ഓപ്പണർ രോഹൻ മർവാഹ റണ്ണൊന്നുമെടുക്കാതെ പുറത്തായതിനു ശേഷം സൻവീർ സിംഗ് (18), ഗുർകീരത് സിംഗ് മാൻ (18) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ചു നിന്നത്. മൻദീപ് സിംഗ് (10), അന്മോൾപ്രീത് സിംഗ് (0), അഭിഷേക് ശർമ (0), അന്മോൾ മൽഹോത്ര (14), വിനയ് ചൗധരി (10) എന്നിവർ സക്സേനക്കും സിജോമോനും മുന്നിൽ കീഴടങ്ങി.
ഒൻപതാം വിക്കറ്റിൽ സിദ്ധാർത്ഥ് കൗളും മയങ്ക് മാർക്കണ്ഡെയും തമ്മിലുള്ള 33 റൺസ് കൂട്ടുകെട്ട് കേരളത്തെ ഒന്നു വലച്ചെങ്കിലും 22 റൺസെടുത്ത കൗളിനെ പുറത്താക്കിയ നിതീഷ് കേരളത്തിനെ വീണ്ടും ട്രാക്കിലെത്തിച്ചു. രണ്ട് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഇന്നിംഗ്സിൽ തൻ്റെ ഏഴാം വിക്കറ്റ് കുറിച്ചു കൊണ്ട് മാർക്കണ്ഡെയെ പുറത്താക്കിയ സക്സേന കേരളത്തിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചു.
കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും ഒരു സമനിലയുമാണ് കേരളത്തിനുണ്ടായിരുന്നത്. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിനെ തോൽപിക്കാനായത് കേരളത്തിന് ആത്മവിശ്വാസം നൽകും. ഈ വരുന്ന 19ന് രാജസ്ഥാനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.
Story Highlights: Ranji Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here