Advertisement

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച ദിവസം കൊച്ചി നഗരത്തിൽ കണ്ടെത്തിയത് കുറഞ്ഞ മലിനീകരണം

January 13, 2020
1 minute Read

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച ദിവസം കൊച്ചി നഗരത്തിൽ കുറഞ്ഞ മലിനീകരണമാണ് കണ്ടെത്തിയതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. അവധി ദിനങ്ങളും, ഗതാഗത ക്രമീകരണവും മലിനീകരണം കുറച്ചുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിഗമനം. വൈറ്റിലയിലും, എംജി റോഡിലും സ്ഥാപിച്ച തത്സമയ നിരീക്ഷണ സ്റ്റേഷനുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. അവശിഷ്ടങ്ങൾ തരംതിരിക്കുന്ന സമയത്തെ മലിനീകരണം ഗൗരവമായി പരിശോധിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ അജിത് ഹരിദാസ് ട്വന്റിഫോറിനോട് പറഞ്ഞു.

ഫ്‌ളാറ്റ് പൊളിക്കുന്ന സമയത്തുള്ള മലിനീകരണം തടയാൻ മലിനീകരണ നിയന്ത്രണ ബോർഡ് കർശന നിർദേശം മരട് നഗരസഭയ്ക്ക് നൽകിയിരുന്നു. ഇത് പാലിക്കുന്നുണ്ടോയെന്നു ഉറപ്പു വരുത്താനുള്ള നിരീക്ഷണ നടപടികളും മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തി. ഫ്‌ളാറ്റുകൾക്കു ചുറ്റുമായി മൂന്നു മാനുവൽ സ്റ്റേഷനുകളാണ് ബോർഡ് ഒരുക്കിയിരുന്നത്. കൂടാതെ വൈറ്റിലയിലും, എം.ജി.റോഡിലും തത്സമയ നിരീക്ഷണ സ്റ്റേഷനുകളും സ്ഥാപിച്ചിരുന്നു. ഈ രണ്ടിടങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റുകൾ പൊളിച്ച ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ താരതമ്യേനെ കുറഞ്ഞ മലിനീകരണമാണ് കണ്ടെത്തിയതെന്നു മലിനീകരണ ബോർഡ് ചെയർമാൻ അജിത് ഹരിദാസ്.

ഫ്‌ളാറ്റുകൾക്കു ചുറ്റുമുള്ള മൂന്നു മാനുവൽ സ്റ്റേഷനുകളിലെ വിവരങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കും. അവശിഷ്ടങ്ങൾ തരംതിരിക്കുന്ന സമയത്തെ മാലിന്യം ഗൗരവമായി പരിശോധിക്കുമെന്നും നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും അജിത് ഹരിദാസ്.

മലിനീകരണം കുറയ്ക്കുന്നതിൽ ഫയർഫോഴ്‌സിന്റെ ഇടപെടൽ കാര്യക്ഷമമാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിലയിരുത്തൽ. കൂടാതെ കായലിലെ മലിനീകരണത്തിന്റെ തോത് ശാസ്ത്രീയമായി പരിശോധിക്കാനും മലിനീകരണ നിയന്ത്രണ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

Story Highlights- Maradu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top