സഭാതർക്കം; എറണാകുളം വെട്ടിത്തറ മോർ മിഖായേൽ പള്ളി പൊലീസ് ഏറ്റെടുത്തു

സഭാതർക്കം നിലനിന്നിരുന്ന എറണാകുളം വെട്ടിത്തറ മോർ മിഖായേൽ പള്ളി പൊലീസ് ഏറ്റെടുത്തു. പത്ത്മണിക്കൂറായി പള്ളിക്കുള്ളിൽ പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പുറത്തിറക്കിയ ശേഷമാണ് പള്ളി ഏറ്റെടുത്തത്. പള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് കൈമാറും.
വെട്ടിത്തറ പള്ളിയിൽ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. വിധി നടത്തിപ്പിനായി ഇന്ന് രാവിലെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ഇതോടെ യാക്കോബായ വിഭാഗം പള്ളി അകത്തുനിന്ന് പൂട്ടി പള്ളിക്കുള്ളിലിരുന്ന് പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയതോടെ പൊലീസ് പള്ളി ഏറ്റെടുത്തു. പള്ളിക്കുള്ളിലുണ്ടായിരുന്നവരെ പൊലീസ് നീക്കി.
സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് നേരത്തെ ഓർത്തഡോക്‌സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് നടന്നിരുന്നില്ല. തുടർന്നാണ് ഓർത്തഡോക്‌സ് വിഭാഗം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. പള്ളിയുടെ താക്കോൽ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here