കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സംസ്ഥാന നേതൃക്യാമ്പ് ഇന്ന്

രണ്ടില ചിഹ്നവും പാര്‍ട്ടി മേല്‍വിലാസവും അവകാശപ്പെട്ടുള്ള തര്‍ക്കങ്ങള്‍ക്കിടെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സംസ്ഥാന നേതൃക്യാമ്പ് ഇന്ന് ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി ചരല്‍ക്കുന്നില്‍ നടക്കുന്ന ക്യാമ്പില്‍ കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.
കോടതി വിധികളിലും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഉണ്ടായ തിരിച്ചടികള്‍ക്കുമിടെ, ഈ മാസം ഇരുപത് വരെ രണ്ടില ചിഹ്നം മരവിപ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിന്റെ ആശ്വാസത്തിലാണ് ജോസ് കെ മാണി വിഭാഗം. ഇതിനിടെയാണ് ചരല്‍ക്കുന്നില്‍ സംസ്ഥാന നേതൃക്യാമ്പിന് തുടക്കമാകുന്നത്.
അനുകൂല തീരുമാനം ഉണ്ടാകുമെന്ന സൂചനയായി കമ്മീഷനില്‍ നിന്ന് ഇന്നലെയുണ്ടായ ഇടപെടലിനെ ജോസ് വിഭാഗം നേതൃക്യാമ്പില്‍ വിശദീകരിക്കും. മുമ്പ് പാലാ ഉപതെരഞ്ഞെടുപ്പിലും, തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നിഷേധിച്ചിരുന്നു.
കോട്ടയം അകലക്കുന്നം പഞ്ചായത്തില്‍ പി ജെ ജോസഫ് പക്ഷത്തിന് രണ്ടില ചിഹ്നം നല്‍കുകയും ചെയ്തു. യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളാണെന്ന് ഇരുപക്ഷവും വാദം തുടരുന്നതിനിടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം മരവിപ്പിച്ചത്. ഇന്ന് ആരംഭിക്കുന്ന നേതൃക്യാമ്പില്‍ സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടെ പങ്കെടുക്കും. കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേതൃക്യാമ്പില്‍ ചര്‍ച്ചയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here