ടി-10 ലീഗിൽ കളിച്ചു; താംബെയ്ക്ക് ഐപിഎല്ലിൽ നിന്നു വിലക്ക്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വെറ്ററൻ സ്പിന്നർ പ്രവീൺ താംബെയ്ക്ക് വരുന്ന സീസൺ ഐപിഎല്ലിൽ നിന്നു വിലക്ക്. വിരമിക്കുന്നതിനു മുൻപ് താംബെ വിദേശ ലീഗിൽ കളിച്ചതാണ് വിലക്കിനു കാരണമായത്. അബുദാബിയിൽ നടന്ന ടി-10 ലീഗിലാണ് താംബെ കളിച്ചത്
വിദേശത്ത് നടക്കുന്ന ക്രിക്കറ്റ് ലീഗുകളിൽ പങ്കെടുക്കാൻ ബിസിസിഐ രജിസ്റ്റേഡ് താരങ്ങൾക്ക് അനുമതിയില്ല. അത് മറികടന്നു കൊണ്ടാണ് താംബെ ടി-10 ലീഗിൽ കളിച്ചത്. ടി-10 ലീഗിൽ നോർത്തേൺ വാരിയേഴ്സിൻ്റെ താരമായിരുന്നു താംബെ. ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഒരു മത്സരം പോലും താംബെ കളിച്ചിരുന്നില്ല.
നേരത്തെ, അടിസ്ഥാന വിലയായ 20 ലക്ഷം രൂപ മുടക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താംബെയെ ക്ലബിലെത്തിച്ചത്. ഇതോടെ താരലേലത്തിൽ ബിഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി താംബെ മാറിയിരുന്നു. ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും താംബെയുടെ പേരിലാണ്.
2013ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച് താംബെ 33 മത്സരങ്ങളിൽ നിന്ന് 30.26 ബോളിംഗ് ശരാശരിയിൽ 28 വിക്കറ്റുകൾ വീഴ്ത്തി. 2014ൽ 13 മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റുകൾ വീഴ്ത്തിയ താംബെ അടുത്ത സീസണിൽ 10 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് ഏഴു വിക്കറ്റ്. 2016ൽ ഗുജറാത്ത് ലയൺസിനു വേണ്ടിയാണ് താംബെ അവസാനമായി ഐപിഎൽ കളിച്ചത്. ആ സീസണിൽ ഏഴു മത്സരങ്ങളിൽ നിന്നായി അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്. പിന്നീട് താംബെ ഐപിഎൽ കളിച്ചിട്ടില്ല.
മുംബൈക്കു വേണ്ടി 2013 മുതൽ കളിക്കുന്ന താരമാണ് പ്രവീൺ താംബെ. രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താംബെ രണ്ട് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ആകെ കളിച്ച 47 മത്സരങ്ങളിൽ നിന്നായി 54 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights: Pravin Tambe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here