പ്രവർത്തനാനുമതി റദ്ദാക്കിയിട്ടും ക്ലാസുകൾ തുടരുന്നു; സർക്കാരിനെ വെല്ലുവിളിച്ച് വർക്കല എസ്ആർ മെഡിക്കൽ കോളജ്

സർക്കാരിനെതിരായ വർക്കല എസ് ആർ മെഡിക്കൽ കോളേജ് മാനേജ്മെന്റിന്റെ വെല്ലുവിളി തുടരുന്നു. കോളേജിന്റെ പ്രവർത്തനാനുമതി റദ്ദാക്കിയിയിട്ടും ഇപ്പോഴും ക്ലാസുകൾ തുടരുകയാണ്. കോളേജിൽ പഠന സൗകര്യങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അനുമതി പത്രം റദ്ദാക്കിയത്.
ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ കഴിഞ്ഞയാഴ്ച്ചയാണ് വർക്കല എസ്ആർ മെഡിക്കൽ കോളേജിന്റെ അനുമതിപത്രം റദ്ദാക്കിയത്. അംഗീകാരം റദ്ദാക്കാനും വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റാനും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ, സർക്കാർ പ്രവർത്തനാനുമതി നിഷേധിച്ചിട്ടും കോളേജിൽ ക്ളാസുകൾ നടക്കുന്നതായി വിദ്യാർത്ഥികൾ പറയുന്നു.
ക്ളാസിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
എംബിബിഎസ് ക്ലാസുകൾ ജനുവരി ആറിന് പുനഃരാരംഭിക്കുമെന്ന് കാട്ടി പ്രിൻസിപ്പലിന്റെ പേരിൽ നേരത്തെ കോളേജിൽ നോട്ടീസും പതിച്ചിരുന്നു. നടപടി മറികടന്ന് കോളേജ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനെതിരെ പരാതി നൽകിയിരിക്കുകയാണ് വിദ്യാർത്ഥികൾ.
വർക്കല എസ്ആർ മെഡിക്കൽ കോളേജിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് നൽകിയത്. മെഡിക്കൽ കൗൺസിൽ റിപ്പോർട്ട് അനുകൂലമാക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമിച്ചുവെന്നും, വ്യാജ രോഗികളെ ഇറക്കി മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പരിശോധനാ സമയത്ത്, കോളേജിൽ 37 ശതമാനം അദ്ധ്യാപകരുടെയും 80 ശതമാനം രോഗികളുടെയും കുറവ് കണ്ടെത്തിയിരുന്നു. റേഡിയോളജി, എക്സ് റേ എന്നിവ സംബന്ധമായ പരിശോധനകളൊന്നും നടക്കുന്നില്ല. മേജർ ഓപ്പറേഷനുകൾക്കുള്ള സൗകര്യമില്ല. ഇങ്ങനെ നിരവധി കുറവുകളാണ് ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിലുള്ളത്. പരിശോധന വൈകിപ്പിക്കാൻ ശ്രമിച്ചെന്നും കോളേജിനനുകൂലമായി റിപ്പോർട്ട് തയ്യാറാക്കാൻ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പ്രലോഭിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: SR Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here