കാഴ്ച പരിമിതി നേരിടുന്നവര്‍ക്കായി തയാറാക്കിയ 1000 സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ കാഴ്ച പദ്ധതിയില്‍ തയാറാക്കിയ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണം തിരുവനന്തപുരത്ത് നടന്നു. കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച.
ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായ ഈ പദ്ധതിയിലൂടെ യുവതീ യുവാക്കള്‍ക്ക് പ്രത്യേക സ്‌പെസിഫിക്കേഷനോട് കൂടിയ ഫോണുകളാണ് വിതരണം ചെയ്തത്. കാഴ്ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
ത്രീ ജി, ഫോര്‍ ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ – സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്റ്റുവേയറിലൂടെ സാധിക്കും.
കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് സ്ഥലങ്ങള്‍ കണ്ടെത്തുക എന്നത്. എന്നാല്‍ സംസാരിക്കുന്ന റൂട്ട് മാപ്പിലൂടെ പരാശ്രയമില്ലാതെ തങ്ങള്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും ഇനി പോകാനുള്ള ദിശ തിരിച്ചറിയാനും സാധിക്കുന്നു. മത്സര പരീക്ഷകള്‍ക്ക് തയാറാകുന്നവര്‍ക്കും ഈ ഫോണ്‍ വളരെ സഹായിക്കും. മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here