പന്തിനു പരുക്ക്; ടീം സെലക്ഷനെതിരെ വിമർശനങ്ങൾ

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനു പരുക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഇന്ത്യക്കായി കീപ്പിംഗ് ഗ്ലൗ അണിഞ്ഞത് ലോകേഷ് രാഹുലാണ്. ഇതോടെ ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെ മാത്രം ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ച സെലക്ഷൻ കമ്മറ്റിക്കെതിരെ ആരാധക രോഷം ഉയരുകയാണ്.
മൂന്ന് ഫോർമാറ്റുകളിലെയും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഋഷഭ് പന്താവും എന്ന് സെലക്ഷൻ കമ്മറ്റി അറിയിച്ചിരുന്നുവെങ്കിലും ബാക്കപ്പ് വിക്കറ്റ് കീപ്പറെ ടീമിൽ ഉൾപ്പെടുത്താത്തത് ടാക്ടിക്കൽ ബ്ലണ്ടർ ആണെന്നാണ് ആരോപണമുയരുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആണെങ്കിൽ പോലും രാജ്യാന്തര മത്സരങ്ങളിൽ ഏറെക്കാലമായി വിക്കറ്റ് സംരക്ഷിക്കാത്ത ലോകേഷ് രാഹുലിനെ ബാക്കപ്പ് കീപ്പറാക്കുന്നത് അസംബന്ധമാണ്. മികച്ച നിരവധി വിക്കറ്റ് കീപ്പർമാർ അവസരം കാത്ത് പുറത്തിരിക്കുമ്പോൾ ഋഷഭ് പന്തിനപ്പുറം ചിന്തിക്കാത്ത സെലക്ടർമാരുടെ വാശി എന്തിനാണെന്നും ആരാധകർ ചോദിക്കുന്നു.
ഇന്ത്യൻ ഇന്നിംഗ്സിൻ്റെ 44ആം ഓവറിലാണ് പന്തിനു പരിക്കേറ്റത്. പാറ്റ് കമ്മിൻസ് എറിഞ്ഞ പേസി ബൗൺസർ ബാറ്റിൻ്റെ എഡ്ജിൽ തട്ടി ഹെൽമറ്റിൽ ഇടിക്കുകയും പോയിൻ്റിൽ ആഷ്ടൺ ടേണറുടെ കൈകളിൽ അവസാനിക്കുകയുമായിരുന്നു. പുറത്തായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ പന്ത് ഓസീസ് ഇന്നിംഗ്സിൽ വിക്കറ്റ് കാക്കാൻ എത്തിയില്ല. പകരം ലോകേഷ് രാഹുലാണ് ഗ്ലൗസ് അണിഞ്ഞത്. പന്തിനു പരുക്കുണ്ടെന്നും നിരീക്ഷണത്തിലാണെന്നും പിന്നീട് ബിസിസിഐ അറിയിച്ചു.
അതേ സമയം, പരുക്ക് എത്ര മാത്രം ഗൗരവമുള്ളതാണെന്നതിൽ വ്യക്തതയില്ല. അടുത്ത മത്സരത്തിൽ പന്ത് തിരികെ എത്തുമോ എന്ന കാര്യത്തിലും ഉറപ്പില്ല. വരുന്ന 17ന് സൗരാഷ്ട്രയിലാണ് അടുത്ത മത്സരം. പന്തിനു കളിക്കാൻ സാധിക്കില്ലെങ്കിൽ സഞ്ജു സാംസൺ ടീമിലെത്തുമെന്നാണ് റിപ്പോർട്ട്.
മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിൻ്റെ കനത്തെ തോൽവി ഏറ്റുവാങ്ങിയിരുന്നു. സെഞ്ചുറി നേടിയ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറുമാണ് ഓസ്‌ട്രേലിയയുടെ വിജയ ശില്പികൾ. ഇന്ത്യ നേടിയ 255 റൺ ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടമാകാതെ 13.2 ഓവർ ബാക്കി നിർത്തി മറികടന്നു. വാർണർ 128ഉം ഫിഞ്ച് 110ഉം റൺസെടുത്തു. വാർണറാണ് കളിയിലെ താരം.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 255ന് എല്ലാവരും പുറത്താകുകയായിരുന്നു. ഓപ്പണർ ശിഖർ ധവാന് (74) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാനായത്. രോഹിത് ശർമ (10), ലോകേഷ് രാഹുൽ (47), വിരാട് കോലി (16) എന്നിങ്ങനെയാണ് ഇന്ത്യയുടെ മുൻനിരയുടെ സ്കോർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here