ഗവർണർ പദവി സർക്കാരിനു മീതെയല്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പദവി സർക്കാരിനു മീതെയല്ല. നാട്ടുരാജാക്കൻമാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു.
എന്നാൽ, സംസ്ഥാന സർക്കാറിനു മുകളിൽ അങ്ങനെ ഒരു പദവിയില്ല. ഭരണഘടനയെക്കുറിച്ച് അറിയാത്തവർ അത് വായിച്ച് പഠിക്കണമെന്ന് മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു. എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് വിഭജന ഓർഡിനൻസിമായി ബന്ധപ്പെട്ട് ഗവർണർ സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. താൻ റബർ സ്റ്റാംപ് അല്ല. ആരും നിയമത്തിന് അതീതരല്ലെന്നും തന്നെ അറയിക്കാതെ പൗരത്വ വിഷയത്തിൽ സുപ്രിംകോടതിയെ സമീപിച്ചത് പ്രോട്ടോക്കാൾ ലംഘനമാണെന്നും ഇത് മാധ്യമങ്ങളിൽ കൂടി അല്ല അറിയേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചിരുന്നു. മാത്രമല്ല, ഓർഡിനെൻസിൽ ഒപ്പുവെയ്ക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഫയൽ ലഭിച്ചതനുസരിച്ച് സംശയങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, നിയമസഭ ചേരാനിരിക്കെ ഓർഡിനൻസ് കൊണ്ടുവന്നതിന്റെ രാഷ്ട്രീയ ഉദ്ദേശത്തെയും അദ്ദേഹം പരോക്ഷമായി ഉന്നയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here