എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ടിപി പീതാംബരനെ തീരുമാനിച്ചു

എൻസിപി സംസ്ഥാന പ്രസിഡന്റായി ടിപി പീതാംബരനെ ദേശീയ നേതൃത്വം തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് താത്ക്കാലിക പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിലനിർത്താനും തീരുമാനമായി.
എകെ ശശീന്ദ്രനു പകരം മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നതിനിടെയാണ് ദേശീയ നേതൃത്വം സംസ്ഥാനത്തെ 8 പ്രധാന നേതാക്കളെ മുംബൈക്ക് വിളിപ്പിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ ഓഫീസിൽ നടന്ന ചർച്ചയിലാണ് ടിപി പീതാംബരനെ പ്രസിഡന്റാക്കാൻ തീരുമാനമായത്.
സംസ്ഥാന അധ്യക്ഷൻ ഇല്ലാത്തതിനാൽ കുട്ടനാട് സീറ്റ് അവകാശപ്പെടുന്നതടക്കം സംഘടനാ കാര്യങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതിയെന്ന് നേതാക്കൾ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് സംസ്ഥാന നേതാക്കളാരും താൽപര്യം പ്രകടിപ്പിച്ചതുമില്ല. മന്ത്രിയെ മാറ്റുന്ന കാര്യത്തിൽ ചർച്ചയുണ്ടായില്ല. ആദ്യം അധ്യക്ഷൻ, സംഘടനാ കാര്യങ്ങൾ പിന്നീട് എന്ന നിലപാടായിരുന്നു പ്രഫുൽ പട്ടേലിന്റെത്. കുട്ടനാട് സീറ്റ് എൽഡിഎഫ് നേതൃത്വത്തിൽ നിന്ന് കൈക്കലാക്കുകയാണ് പുതിയ അധ്യക്ഷന്റെ ആദ്യ ദൗത്യം. തോമസ് ചാണ്ടിയുടെ വ്യക്തിഗത പ്രവർത്തനം കൊണ്ടു കൂടിയാണ് കുട്ടനാട്ടിൽ വിജയിക്കാനായതെന്നും പുതിയ സാഹചര്യത്തിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ മുൻ എം എൽ എ കെ സി ജോസഫിനെ മത്സരിപ്പിക്കുകയോ സി പി എം സീറ്റ് ഏറ്റെടുക്കുകയോ ചെയ്യണമെന്ന വാദം മുന്നണിയിൽ പ്രബലമാണ്. തോമസ് ചാണ്ടി യുടെ സഹോദരനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ കുടുംബം. എൻസിപി ക്കാകട്ടെ സലിം പി മാത്യുവിനെ മത്സരിപ്പിക്കാനാണ് ആഗ്രഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here