ചൈനയിൽ കൊറോണ വൈറസ് ബാധ; ഒരാൾ മരിച്ചു

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. വുഹാൻ നഗരവാസിയായ 69 കാരനാണ് മരിച്ചത്. ഇതോടെ വൈറസ് ബാധയെതുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഏതാണ്ട് 41 പേർക്ക് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 31 നാണ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് മധ്യ ചൈനീസ് നഗരമായ വുഹാനിൽ നിന്നുള്ള 69 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെയാണ് ഇയാൾ മരണത്തിന് കീഴടങ്ങിയത്.
കൊറോണ ബാധയെ തുടർന്ന് ഇത് രണ്ടാമത്തെ മരണമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 41 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 5 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. അതേസമയം 12 പേർ രോഗത്തെ അതിജീവിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Read Also : കൊറോണ വൈറസ്; പടർന്നു പിടിക്കാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന
വുഹാൻ നഗരത്തിലാണ് രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. സാധാരണ ജലദോഷം മുതൽ ഗുരുതരമായ ശ്വാസകോശപ്രശ്‌നങ്ങൾക്കുവരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസ്. ശ്വസനപ്രശ്‌നങ്ങൾ, പനി, ചുമ, ശ്വാസമെടുക്കാൻ പ്രയാസം ഇവയെല്ലാമാണ് സാധാരണ ലക്ഷണങ്ങൾ. കൂടുതൽ ഗുരുതരമാകുമ്പോൾ ന്യൂമോണിയയ്ക്കും, സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം, വൃക്കത്തകരാറ് എന്നിവക്കും ഈ വൈറസ് കാരണമാകാം.
വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്ലൊം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ജപ്പാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനിൽ നിന്ന് തിരിച്ചെത്തിയ ആളിലാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here