ഇടുക്കിയിലെ ജലസംഭരണികളില്‍ നിന്ന് മണല്‍ വാരുന്നതിനുള്ള നടപടികളില്‍ തീരുമാനമില്ല

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യത പഠനം നടന്നിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. അണക്കെട്ടുകളില്‍ മണല്‍ അടിഞ്ഞ് കിടക്കുന്നത് മൂലം സംഭരണശേഷിയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.
ജില്ലയിലുണ്ടായ രണ്ട് പ്രളയങ്ങളിലായി ജലസംഭരണികളിലേക്ക് വലിയ തോതില്‍ മണല്‍ ഒഴുകിയെത്തിയിരുന്നു. എന്നാല്‍ സംഭരണികളില്‍ നിന്നും മണല്‍ വാരുന്നത് സംബന്ധിച്ച നടപടികള്‍ ഇപ്പോഴും ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് നേരിട്ടെത്തി കല്ലാര്‍കുട്ടിയും ലോവര്‍ പെരിയാറുമുള്‍പ്പെടെയുള്ള അണക്കെട്ടുകളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ മണല്‍ വാരുന്നത് സംബന്ധിച്ച് സാധ്യത പഠനം നടത്തിയിരുന്നു.
കോട്ടയം ആസ്ഥാനമായുള്ള ട്രാവന്‍കൂര്‍ സിമന്റ്‌സ് കമ്പനിക്ക് കരാര്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സംഭരണികളില്‍ നിന്നും മണല്‍വാരുന്നത് സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ഇപ്പോഴുയരുന്ന ആവശ്യം. തമിഴ്‌നാട്ടില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമാണ് നിര്‍മാണത്തിന് വേണ്ടുന്ന മണല്‍ എത്തിക്കുന്നത്. നിര്‍മാണവസ്തുക്കളുടെ ലഭ്യത കുറവ് ജില്ലയിലെ നിര്‍മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മണല്‍വാരാനുള്ള നടപടി ആരംഭിച്ചാല്‍ ഇതിലൂടെ ഉപജീവനം നയിച്ചിരുന്ന 500 ലധികം തൊഴിലാളികളുടെ തൊഴില്‍ നഷ്ടം പരിഹരിക്കാനാകും. അനധികൃത മണല്‍ വാരല്‍ മഫിയയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും സര്‍ക്കാരിനു സാധിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here