വൃദ്ധയായ ഭർതൃ മാതാവിനെ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവം; അമ്മ ഇനി മകളുടെ വീട്ടിൽ താമസിക്കും; ട്വന്റിഫോർ ഇംപാക്ട്

വൃദ്ധയായ ഭർതൃമാതാവിനെ സാമ്പത്തിക ശേഷിയുള്ള മരുമകൾ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ അമ്മയ്ക്ക് ഒടുവിൽ നീതി. ട്വന്റി ഫോർ വാർത്തയെ തുടർന്ന് വനിതാ കമ്മീഷൻ ഇടപെട്ടതോടെയാണ് പരവൂരിലെ സുലോചനയമ്മക്ക് നീതി ലഭിച്ചത്. മകളും മസ്‌കറ്റിലെ ബർക്കയിൽ ബിസിനസ് ചെയ്യുന്ന മകനും ചേർന്ന് അമ്മയെ സംരക്ഷിക്കണമെന്ന് സ്ഥലത്തെത്തിയ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഉത്തരവിട്ടു സുലോചന അമ്മ ഇനി മകളുടെ വീട്ടിൽ താമസിക്കും.
ദിവസങ്ങൾക്ക് മുൻപാണ് സുലോചനയമ്മ ഈ വീടിന് വെളിയിലാവുന്നത്. അസുഖത്തെ തുടർന്ന് സഹോദരിയുടെ വീട്ടിൽ രണ്ടു ദിവസം താമസിക്കാൻ പോയി തിരികെ എത്തിയപ്പോഴാണ് പത്തുവർഷമായി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഗേറ്റ് മരുമകൾ
പൂട്ടിയ നിലയിൽ കണ്ടത്. താക്കോൽ തിരികെ ചോദിച്ചിട്ടും നൽകാൻ തയ്യാറായില്ല.
ട്വന്റി ഫോർ വാർത്തയെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലതെത്തി. മരുമകളുടെ വീട്ടിലെത്തിയ പൊലീസ് സംഘം താക്കോൽ ആവശ്യപ്പെട്ടെങ്കിലും ധിക്കാരപൂർവമായിരുന്നു
മറുപടി. താക്കോൽ നൽകാൻ മരുമകൾ തയാറായില്ല. ഒടുവിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ നേരിട്ടെത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടു. അമ്മയുടെ സംരക്ഷണം മകളും മകനും ചേർന്ന് ഏറ്റെടുക്കാൻ ഉത്തരവായി. ഒടുവിൽ സന്തോഷത്തോടെ അമ്മ മകളുടെ വീട്ടിലേക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here