ഇന്ന് രണ്ടാം ഏകദിനം; ഇന്ത്യക്ക് ജയിച്ചേ പറ്റൂ

ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം. ആദ്യ മത്സരത്തിൽ ദയനീയമായ തോൽവി വഴങ്ങിയ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയിക്കേണ്ടത് അനിവാര്യമാണ്. ഈ മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഇന്ന് ഉച്ച തിരിഞ്ഞ് 1.30ന് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
പരുക്കിനെത്തുടർന്ന് ടീമിൽ നിന്നു പുറത്തായ ഋഷഭ് പന്തിൻ്റെ അഭാവത്തിൽ കേദർ ജാദവ് ടീമിലെത്താൻ സാധ്യതയുണ്ട്. മനീഷ് പാണ്ഡെയ്ക്കും സാധ്യതയുണ്ടെങ്കിലും പാർട്ട് ടൈം സ്പിന്നർ എന്ന സവിശേഷത ജാദവിന് മുൻതൂക്കം നൽകും. ഓൾറൗണ്ടർ എന്ന പരിഗണന നൽകി ശിവം ദുബേയും ടീമിലെത്തിയേക്കാം. ഷർദ്ദുൽ താക്കൂറിനു പകരം പേസ് ഡിപ്പാർട്ട്മെൻ്റിൽ നവദീപ് സെയ്നിക്കും അവസരം ലഭിച്ചേക്കും.
കഴിഞ്ഞ മത്സരത്തിൽ നാലാം നമ്പറിലിറങ്ങി പരാജയപ്പെട്ട കോലി തൻ്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിൽ തന്നെ ഇറങ്ങും. ആദ്യ മത്സരത്തിനു ശേഷം കോലി അത് വ്യക്തമാക്കിയിരുനു. അങ്ങനെയെങ്കിൽ ലോകേഷ് രാഹുൽ നാലാം നമ്പറിലും ശ്രേയസ് അയ്യർ അഞ്ചാം നമ്പറിലും കളിക്കും.
ആദ്യ മത്സരത്തിൽ 10 വിക്കറ്റിൻ്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവങ്ങിയത്. സെഞ്ചുറി നേടിയ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറുമാണ് ഓസ്ട്രേലിയയുടെ വിജയ ശില്പികൾ. ഇന്ത്യ നേടിയ 255 റൺസ് ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടമാകാതെ 13.2 ഓവർ ബാക്കി നിർത്തി മറികടന്നു. ഇന്ത്യക്കു വേണ്ടി 74 റൺസെടുത്ത ഓപ്പണർ ശിഖർ ധവാനാണ് തിളങ്ങിയത്. കെഎൽ രാഹുൽ 47 റൺസടിച്ചു. വിരാട് കോലി 16 റൺസ് മാത്രമാണ് നേടിയത്.
Story Highlights: India, Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here