Advertisement

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്; ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

January 21, 2020
1 minute Read

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്. ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കി. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. നാല് ആഴ്ച ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നായിരുന്നു കോടതി നേരത്തെ ജാമ്യം നല്‍കിയപ്പോള്‍ ഉപാധി വച്ചത്. ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പായി ഡല്‍ഹിയിലെ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ പൊലീസിനെ അറിയിച്ചിരിക്കണമെന്ന ഉപാധിയോടെയാണ് പുതിയ ഇളവ്.

ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എയിംസില്‍ അദ്ദേഹം ചികിത്സ തേടുന്നുണ്ടെന്നും അതിനാല്‍ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജി. ജാമ്യവ്യവസ്ഥകള്‍ തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിക്കുന്നതടക്കമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി ഡല്‍ഹി ജുമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് ഡിസംബര്‍ 21 ന് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. കലാപം സൃഷ്ടിക്കല്‍, തീവയ്ക്കൽ, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ചുമത്തിയിരുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിച്ചത്. നാല് ആഴ്ചത്തേയ്ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടാണ് ജാമ്യം അനുവദിച്ചിരുന്നത്. ഭരണഘടനയനുസരിച്ച് സമാധാനപരമായി പ്രതിഷേധിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും മറിച്ചെന്തെങ്കിലും ചെയ്തതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

Story Highlights- Chandrashekhar Azad,gets Permission to enter Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top