മലപ്പുറത്ത് നൽകിയത് 54 ശതമാനം പോളിയോ വാക്സിനോ?; പ്രചരിക്കുന്നത് വ്യാജ വാർത്ത

മലപ്പുറം ജില്ലയിൽ ആകെ പോളിയോ വാക്സിൻ നൽകിയത് 54 ശതമാനം കുട്ടികൾക്കാണെന്ന തരത്തിലുള്ള കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിയോ വാക്സിൻ നൽകിയത് മലപ്പുറത്താണെന്നായിരുന്നു കുറിപ്പുകളിലെ വിശദീകരണം. മലപ്പുറം വാക്സിനുകളോട് മുഖം തിരിക്കുകയാണെന്ന തരത്തിൽ രൂക്ഷ വിമർശനവും സമൂഹ മാധ്യമങ്ങൾ ഉയർത്തി. എന്നാൽ അതല്ല സത്യം.
ജില്ലയിൽ ഒരാഴ്ചയാണ് പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ ആയി ആരോഗ്യവകുപ്പ് മാറ്റി വെച്ചിരിക്കുന്നത്. അതിലെ ആദ്യ ദിവസം 2,33,521 കുട്ടികൾക്ക് വാക്സിൻ നൽകി. ശതമാനക്കണക്കെടുത്താൽ ഏതാണ്ട് 54 ശതമാനം. ജില്ലയിൽ വീടുകൾ ചെന്ന് നേരിട്ടാണ് ആരോഗ്യവകുപ്പ് ഇപ്പോൾ വാക്സിൻ നൽകുന്നത്. അങ്ങനെ, ഇന്നലെ വൈകുന്നേരം ആയപ്പോഴേക്കും വാക്സിൻ നൽകിയ കുട്ടികളുടെ എണ്ണം 3,96,365 ആയി ഉയർന്നു. ശതമാനക്കണക്ക് പറയാം, 88 ശതമാനം. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്.
ആദ്യ ദിവസം 54 ശതമാനമായിരുന്നത് രണ്ടാം ദിവസം 70 ആയും മൂന്നാം ദിവസം 88 ശതമാനം ആയും ഉയർന്നു. ഇനി വാക്സിനേഷൻ നൽകാൻ ബാക്കിയുള്ളവർക്ക് വരും ദിവസങ്ങളിൽ നൽകും. ഇവർക്ക് കൂടി നൽകുന്നതോടെ സംസ്ഥാനത്ത് എണ്ണക്കണക്കിൽ ഏറ്റവുമധികം കുട്ടികൾക്ക് വാക്സിനേഷൻ നൽകിയ ജില്ലയായി മലപ്പുറം മാറും.
നിലവിൽ 98 ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകിയ ഇടുക്കി ജില്ലയാണ് ഒന്നാമത്. 96 ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകിയ തലസ്ഥാന നഗരി രണ്ടാമതും 92 ശതമാനവുമായി എറണാകുളം മൂന്നാമതുമാണ്. കൊല്ലം ജില്ലയിൽ 90 ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകി.
Story Highlights: Polio Vaccination, Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here