കാൽനൂറ്റാണ്ടിന്റെ ആത്മബന്ധവുമായി ടി പത്മനാഭനും കഥയിലെ ‘രവി’ക്ക് പ്രേരണയായ ഹരികുമാറും

എഴുത്തുകാരനും കഥാപാത്രവും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ ഒരുപാട് കേട്ടിരിക്കാം. എന്നാൽ കാൽ നൂറ്റാണ്ടിനിപ്പുറവും ആത്മബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് കഥാകൃത്ത് ടി പദ്മനാഭനും അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രേരണയായ എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം പികെ ഹരികുമാറും.
വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ടി പത്മനാഭൻ പികെ ഹരികുമാറിന്റെ വീട്ടിലെത്തിയത്. രവിയെന്നാൽ ഹരികുമാറാണെന്നത് എല്ലാവരും അന്നേ തിരിച്ചറിഞ്ഞതായി കഥാകാരൻ പറഞ്ഞു. പ്രിയ കഥാകാരൻ വീട്ടിലെത്തിയതില്‍ രവിയെന്ന പികെ ഹരികുമാർ വലിയ ആഹ്ലാദത്തിലായിരുന്നു. കഥാകൃത്ത് തനിക്ക് നൽകിയ വിവാഹ സമ്മാനമായിരുന്നു ചെറുകഥയെന്ന് അദ്ദേഹം ഓർത്തെടുത്തു. അഡ്വ. പികെ ഹരികുമാറിനും ഭാര്യ ആശയ്ക്കുമൊപ്പം ദീർഘനേരം സൗഹൃദം പങ്കുവച്ചാണ് ടി പത്മനാഭൻ മടങ്ങിയത്.
താൻ പങ്കെടുത്ത വിവാഹച്ചടങ്ങും യാത്രയുമാണ് രവിയുടെ കല്ല്യാണമെന്ന പേരിൽ ടി പത്മനാഭൻ കാൽ നൂറ്റാണ്ട് മുമ്പ് ചെറുകഥയായി എഴുതിയത്. മറ്റാരുടെ കല്ല്യാണമായാലും പോകാതിരുന്നേനെയെന്നും രവി അത്രമേൽ പ്രിയപ്പെട്ടവനായിരുന്നുവെന്നും കഥ പറഞ്ഞു വച്ചിരുന്നു. രണ്ടര പതിറ്റാണ്ടിനിപ്പുറം ആത്മബന്ധത്തിന്റെ ഇഴയടുപ്പം ഇരട്ടിയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here