കാരുണ്യ പദ്ധതി; ചികിത്സ നടത്തിയ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത് 71 കോടി 65 ലക്ഷം രൂപ

കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സ നൽകിയ ആശുപത്രികൾ പ്രതിസന്ധിയിൽ. 71 കോടി 65 ലക്ഷം രൂപയാണ് ചികിത്സ നടത്തിയ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത്. ഇതുമൂലം സർക്കാരിന്റെ പുതിയ ചികിത്സാ പദ്ധതികളുമായി ആശുപത്രികൾ സഹകരിക്കുമോ എന്ന് സംശയം ഉയരുകയാണ്.
കാരുണ്യാ ബെനവലൻറ് പദ്ധതി മാർച്ച് 31 ന് അവസാനിക്കാനിരിക്കെ 71 കോടി 65 ലക്ഷം രൂപയാണ് ചികിത്സ നടത്തിയ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത്. കുടിശ്ശിക തുക ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ചികിത്സ നൽകിയ ആശുപത്രികൾ. 2018 മേയ് 29 ലെ സർക്കാർ ഉത്തരവിൽ കാരുണ്യാ ബെനവലൻറ് പദ്ധതിയെ കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ലയിപ്പിച്ചിരുന്നു. തുടർന്ന് 2019 ജൂണിലെ സർക്കാർ ഉത്തരവ് പ്രകാരം പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ 3ന് അവസാനിപ്പിച്ചു. എന്നാൽ പദ്ധതിയിൽ അപേക്ഷിച്ച രോഗികൾക്ക് 2020 മാർച്ച് വരെ ചികിത്സ തുടരാനുള്ള അനുമതി നൽകിയിട്ടുണ്ട്.
സർക്കാർ 2019 ഒക്ടോബർ 31 വരെ 975 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. മാർച്ചിൽ പദ്ധതി അവസാനിക്കാനിരിക്കെ ഇത്രയുമധികം തുക കുടിശ്ശികയാകുന്നത് ചികിത്സ നൽകിയ ആശുപത്രികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയ ആരോഗ്യാ ചികിത്സാ പദ്ധതികളുമായി ആശുപത്രികൾ സഹകരിക്കുമോ എന്നതും ചോദ്യ ചിഹ്നമാണ്.
Story Highlights: Karunya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here