നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു

നേപ്പാളില്‍ മരിച്ച മലയാളികളായ തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. ഇന്ന് രാത്രിയോടെ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. അതേസമയം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാളെയാകും നാട്ടിലെത്തിക്കുക
രാവിലെ 11.30 ന് കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീ ഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. വൈകീട്ട് ആറ് മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.
കോഴിക്കോട് സ്വദേശികളുടെ മൃതദേഹം വൈകിട്ട് 3.45 നാണ് കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുക. ഇന്ന് ഡല്‍ഹിയില്‍ സൂക്ഷിക്കുന്ന കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാളെ രാവിലെ ഒന്‍പത് മണിക്ക് നാട്ടിലേക്ക് കൊണ്ട് പോകും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മൃതദേഹങ്ങള്‍ കൊണ്ട് പോകുന്നത് ഇങ്ങനെ നിശ്ചയിച്ചത്. നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്കയാണ് വഹിക്കുന്നത്. മരണ കാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം രേഖാമൂലം ആവശ്യപ്പെടും. അതിനിടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ചൊവ്വാഴ്ചയാണ് നേപ്പാള്‍ ദമനിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികള്‍ ശ്വാസം മുട്ടി മരിച്ചത്.
Story Highlights- The body of malayalis died in Nepal, has been shifted to Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here