എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ ബലാത്സംഗക്കേസിലെ പ്രതിക്ക് പരോൾ; വിവാദമായി അലഹബാദ് ഹൈക്കോടതി ഉത്തരവ്

എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ ബലാത്സംഗക്കേസിലെ പ്രതിക്ക് മൂന്നു ദിവസത്തെ പരോൾ അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് വിവാദമാകുന്നു. ഉത്തർപ്രദേശിലെ ബഹുജൻ സമാജ് പാർട്ടി എംപി അതുൽ റായ്ക്കാണ് കോടതി പരോൾ അനുവദിച്ചത്. സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് നേരത്തെ അതുൽ ആവശ്യപ്പെട്ടുവെങ്കിലും ഹൈക്കോടതി അപേക്ഷ തള്ളിയിരുന്നു. തുടർന്ന് വ്യാഴാഴ്ചയാണ് പ്രതിക്ക് കോടതി പരോൾ അനുവദിച്ചത്.
ജനുവരി 29ന് പൊലീസുകാരുടെ അകമ്പടിയോടെ ന്യൂഡെൽഹിയിൽ പോയി സത്യപ്രതിജ്ഞ ചെയ്യാനും 31ന് തിരികെയെത്താനുമുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ തള്ളിയ കോടതി ഇപ്പോൾ രണ്ടാമത്തെ ജാമ്യാപേക്ഷ പരിഗണിക്കുകയാണ്.
കഴിഞ്ഞ വർഷം മെയ് ഒന്നിനാണ് ബലാത്സംഗക്കേസിൽ അതുൽ റായ്ക്കെതിരെ എഫ്ഐആർ രെജിസ്റ്റർ ചെയ്തത്. വാരണാസിയിലെ ലങ്ക പൊലീസ് സ്റ്റേഷനിലായിരുന്നു കേസ്. തുടർന്ന് ഇയാൾ വിചാരണ തടവുകാരനായി ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. യുപിയിലെ ഘോസിയിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഇയാൾ ജയിലിൽ ആയിരുന്നതിനാൽ ഇതുവരെ സത്യ പ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല.
ബിജെപിയുടെ ഹരിനാരായൺ രാജ്ഭറിനെ തോല്പിച്ചാണ് ഇയാൾ പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 122568 വോട്ടുകൾക്കാണ് ബഹുജൻ സമാദ് പാർട്ടി സ്ഥാനാർത്ഥിയായ ഇയാൾ ജയിച്ചു കയറിയത്.
Story Highlights: Atul Rai, MP, BSP, Oath, Bail, Parole
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here