ബ്ലാസ്റ്റേഴ്സിന് ഇന്ന് ഗോവൻ കടമ്പ; ജയിക്കാൻ പാടുപെടും

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനു നിർണായക പോരാട്ടം. കരുത്തരായ എഫ്സി ഗോവയാണ് ഇന്ന് കേരളത്തിൻ്റെ എഹിരാളികൾ. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. അവസാന നാലിലേക്കുള്ള സാധ്യത നിലനിർത്താനായി ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്.
സെർജിയോ ലൊബേര ഗോവൻ പരിശീലകനായി എത്തിയതിനു ശേഷം ഇതുവരെ ഗോവയെ തോല്പിക്കാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. ഇരു ടീമുകളും തങ്ങളുടെ കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ടു. ഗ്രൂപ്പിൽ ഒന്നാമതുള്ള എടികെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗോവയെ തോല്പിച്ചപ്പോൾ ജംഷഡ്പൂർ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെയും പരാജയപ്പെടുത്തി.
ഇരു ടീമുകളും 13 മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ 7 ജയവും മൂന്ന് വീതം സമനിലയും തോൽവിയുമായി ഗോവ മൂന്നാമതാണ്. ബ്ലാസ്റ്റേഴ്സാവട്ടെ മൂന്ന് ജയവും അഞ്ച് വീതം സമനിലയും തോൽവിയുമായി പട്ടികയിൽ എട്ടാമതും. ഇന്നത്തെ മത്സരം ജയിച്ചാൽ ഗോവക്ക് മൂന്നാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തെത്താം. ബ്ലാസ്റ്റേഴ്സ് വിജയിച്ചാൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തും. പരസ്പരം 11 തവണ ഏറ്റുമുട്ടിയപ്പോൾ എഫ്സി ഗോവ ഏഴ് മത്സരങ്ങളിലുംബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരങ്ങളിലുമാണ് വിജയിച്ചത്. ഒരു മത്സരം സമനിലയായി.
ഓഗ്ബച്ചെ, മെസ്സി ബൗളി സഖ്യം ഗോളടിക്കുന്നുണ്ട്. പിൻനിരയിൽ റാക്കിപ്, ഹക്കു, കാർനീറോ തുടങ്ങിയവരും നന്നായി കളിക്കുന്നു. മധ്യനിരയും ശക്തമാണ്. ഫോമിലുമാണ്. പക്ഷേ, റിസൽട്ട് വരുന്നില്ല. നിർഭാഗ്യമാണ് ഒരു പരിധി വരെ ബ്ലാസ്റ്റേഴ്സിനെ പിന്നോട്ടടിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒരു സെൽഫ് ഗോളും പെനൽട്ടിയുമാണ് മത്സരത്തിൻ്റെ ഗതി നിർണയിച്ചത്. റഫറിയുടെ തെറ്റായ തീരുമാനങ്ങളും ബ്ലാസ്റ്റേഴ്സിനു തിരിച്ചടി ആകുന്നുണ്ട്.
അതേ സമയം, കഴിഞ്ഞ മത്സരത്തിൽ ചുവപ്പു കാർഡ് കണ്ട് പുറത്തായ മലയാളി പ്രതിരോധ താരം ഇന്ന് കളിക്കില്ല. മധ്യനിരയിലെ ശ്രദ്ധേയ താരം മരിയോ ആർക്കസും ഇന്ന് കളിക്കില്ലെന്നാണ് വിവരം.
Story Highlights: Kerala Blasters, FC Goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here