ലീഗ് പ്രാദേശിക നേതാവ് എൽഡിഎഫിന്റെ മനുഷ്യ ശൃംഖലയിൽ; വിവാദം

ലീഗ് പ്രാദേശിക നേതാവ് എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തത് വിവാദമായി. കോഴിക്കോട് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ. എം ബഷീറാണ് മനുഷ്യശൃംഖലയിൽ പങ്കെടുത്തത്. പൗരനെന്ന നിലയിലാണ് മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതെന്നും അതിൽ തെറ്റില്ലെന്നും കെ എം ബഷീർ പറഞ്ഞു.
വർത്തമാന കാലത്തിന്റെ ആവശ്യമായാണ് മനുഷ്യ ശൃംഖലയെ കാണുന്നത്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ മനുഷ്യ ശൃംഖലയിൽ അണി ചേരുക എന്നത് തന്റെ ബാധ്യതയായി കണക്കാക്കുന്നുവെന്നും ബഷീർ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം, മനുഷ്യ ശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദം ആക്കേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുക്കുന്നത്. യുഡിഎഫിന്റെ കോഴിക്കോട് നടത്തിയ സമ്മേളനത്തിലും എല്ലാ പാർട്ടിക്കാരും പങ്കെടുത്തിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here