‘ആസിഫ്, ഇത് നിന്റെ കരിയർ ബെസ്റ്റ്’; ‘കെട്ട്യോളാണ് എന്റെ മാലാഖ’ ടീമിനെ അഭിനന്ദിച്ച് ലാൽ ജോസ്

ആസിഫ് അലി നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’ ടീമിനെ അഭിനന്ദിച്ച് സംവിധായകൻ ലാൽ ജോസ്. ചിത്രം ആസിഫ് അലിയുടെ കരിയർ ബെസ്റ്റാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സംവിധായകനെയും തിരക്കഥാകൃത്തിനെയും പുകഴ്ത്തി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാൽ ജോസ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
‘അല്‍പം വൈകിയെങ്കിലും കെട്ട്യോളാണെന്റെ മാലാഖ കണ്ടു. ഒരു പുതിയ സംവിധായകന്‍ വരവറിയിച്ചിരിക്കുന്നു. ഒരു എഴുത്തുകാരനും. ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റാണ്. നിസ്സാം ബഷീറിനും അജി പീറ്റര്‍ തങ്കത്തിനും ആശംസകള്‍.’- ലാൽ ജോസ് കുറിച്ചു. സിനിമയുടെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹത്തിൻ്റെ പോസ്റ്റ്.
മാരിറ്റൽ റേപ്പിനെപ്പറ്റി ചർച്ച ചെയ്യുന്ന സിനിമയായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ മികച്ച അഭിപ്രായം നേടിയിരുന്നു. നവാഗതനായ നിസാം ബഷീർ അണിയിച്ചൊരുക്കിയ ചിത്രം മാജിക്ക് ഫ്രെയിമിസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിച്ചത്. ആസിഫ് അലി സ്ലീവാച്ചൻ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഭാര്യ റിന്‍സിയെ അവതരിപ്പിച്ചത് വീണ നന്ദകുമാറാണ്. ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി, രവീന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സാമ്പത്തികമായി മികച്ച വിജയം നേടിയ ചിത്രം നിരൂപക പ്രശംസക്കും അർഹമായിരുന്നു.
മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ ആണ് ഇനി ആസിഫിൻ്റേതായി പുറത്തിറങ്ങാനുള്ളത്. രാച്ചിയമ്മ, കുറ്റവും ശിക്ഷയും തുടങ്ങിയ ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Story Highlights: Asif Ali, Lal Jose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here