ബ്രെക്‌സിറ്റ് ബിൽ അംഗീകരിച്ചു; യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടന് വിട

യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്‌സിറ്റ് ബിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. ഉടമ്പടി വ്യവസ്ഥകൾക്ക് പാർലമെന്റ് വോട്ടെടുപ്പില്‍ അംഗീകാരം നൽകിയതോടെ ബ്രെക്‌സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. 751 അംഗ പാർലമെന്റിൽ 621 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 49 പേർ എതിർത്തു. 13 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പരമ്പരാഗത സ്‌കോട്ടിഷ് ഗാനം ‘ഓൾഡ് ലാങ് സൈനെ’ ആലപിച്ചുകൊണ്ടാണ് യൂറോപ്യൻ യൂണിയൻ ബ്രിട്ടന് വിട ചൊല്ലിയത്.
Read Also: പുതിയ ബ്രെക്‌സിറ്റ് കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി
യൂറോപ്യൻ പാർലമെന്റിൽ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പാതാക സ്ഥാപിക്കുക. 31ന് അർദ്ധരാത്രി ബ്രെക്‌സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ട്രാൻസിഷൻ പീരീഡായിരിക്കും. വ്യാപാര കരാറുകളും മറ്റ് സുപ്രധാന വിഷയങ്ങളും ഇതിനിടെ ചർച്ച ചെയ്താകും തീരുമാനിക്കുക.ഈ മാസം 31ന് രാത്രി 11നാണ് ബ്രെക്‌സിറ്റ് നടപ്പാകുന്നത്.
പ്രധാനപ്പെട്ട പാർലമെന്ററി കമ്മറ്റികളെല്ലാം തന്നെ കഴിഞ്ഞയാഴ്ച ബിൽ അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ രണ്ട് പാർലമെന്റ് ഹൗസുകളും പാസാക്കിയ ബിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി.
brexit, briton
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here