ചൈനയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് എത്തിക്കാനുള്ള ആദ്യ വിമാനം നാളെ പുറപ്പെട്ടേക്കും

ചൈനയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് എത്തിക്കാനുള്ള ആദ്യ വിമാനം നാളെ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. വുഹാനിൽ നിന്നാണ് വിദ്യാർത്ഥികളെ തിരികെയെത്തിക്കുന്നത്. രണ്ട് പ്രത്യേക വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി ചൈനയോട് തേടിയിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ഫലം പരിശോധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി. വൈറസ് ബാധ 18 രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചതിനാൽ ലോകരാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥയാണ് വൈറസ് ബാധ ഉയർത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംഘടന പ്രത്യേകയോഗം വിളിച്ചിരുന്നു. വിഷയം അതീവ ഗൗരവതരമാണെന്നും വാക്‌സിനുകളോ മറ്റ് മരുന്നോ കണ്ടെത്താത്തത് സ്ഥിതി വഷളാക്കുന്നുവെന്നും സംഘം വിലയിരുത്തി.
Story Highlights- Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here