ഐപിഎൽ ലോകത്തിലെ ഏറ്റവും മികച്ച ടി-20 ലീഗെന്ന് സൊഹൈൽ തൻവീർ

ഇന്ത്യൻ പ്രീമിയർ ലീഗിനെ പുകഴ്ത്തി മുൻ പാക് ബൗളർ സൊഹൈൽ തൻവീർ. ഐപിഎൽ ലോകത്തിലെ ഏറ്റവും മികച്ച ടി-20 ലീഗാണെന്നാണ് സൊഹൈൽ അഭിപ്രായപ്പെട്ടത്. ഐപിഎല്ലിൽ കളിക്കാനാവാത്തതിൽ തനിക്ക് മറ്റ് പാകിസ്താൻ കളിക്കാർക്കും നിരാശയുണ്ടെന്നും തൻവീർ ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു.
“അതെ. ഒരു പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ എനിക്കും മറ്റു പാകിസ്താൻ കളിക്കാർക്കും ഐപിഎൽ കളിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടി-20 ലീഗായ ഐപിഎല്ലിൽ കളിക്കാൻ ഏത് കളിക്കാരനാണ് ആഗ്രഹിക്കാത്തത്? ഷെയിൻ വോണിനെപ്പോലുള്ള മുതിർന്ന ക്രിക്കറ്റർമാരുമായി മുറി പങ്കിടാൻ സാധിച്ചത് എനിക്ക് ലഭിച്ച വലിയ ഭാഗ്യമായിരുന്നു.”- തൻവീർ പറഞ്ഞു.
ഐപിഎല്ലിൻ്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളിച്ച താരമാണ് സൊഹൈൽ തൻവീർ. അന്ന് രാജസ്ഥാൻ കിരീടം നേടുന്നതിൽ സുഹൈൽ തൻവീർ നിർണായക പങ്കു വഹിച്ചിരുന്നു. 22 വിക്കറ്റുകളുമായി ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായിരുന്നു സൊഹൈൽ. ആ സീസണിൽ ആകെ 7 പാകിസ്താൻ താരങ്ങൾ വിവിധ ക്ലബുകൾക്കായി പാഡണിഞ്ഞു. എന്നാൽ അക്കൊല്ലത്തെ മുംബൈ ഭീകരാക്രമണത്തെ തുടർന്ന് അടുത്ത വർഷം മുതൽ പാക് കളിക്കാരെ ഐപിഎല്ലിൽ നിന്ന് വിലക്കുകയായിരുന്നു.
Story Highlights: IPL, Sohail Tanvir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here