സൂപ്പര്‍ ഓവറില്‍ തകര്‍ത്തു; ഇന്ത്യ – ന്യൂസിലന്‍ഡ് നാലാം ടി20 യില്‍ ഇന്ത്യക്ക് ജയം

ഇന്ത്യ – ന്യൂസിലന്‍ഡ് നാലാം ടി – 20യില്‍ ഇന്ത്യക്ക് ജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡ് നേടിയ 14 റണ്‍സ് ഇന്ത്യ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. ഇതോടെയാണ് കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഓപ്പണര്‍ കോളിന്‍ മണ്‍റോ, ടിം സീഫര്‍ട്ട് എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളോടെ വിജയമുറപ്പിച്ച ന്യൂസിലന്‍ഡിനെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഇന്ത്യ ടൈയില്‍ കുരുക്കിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് എടുത്തത്. 50 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ലോകേഷ് രാഹുല്‍ 39 റണ്‍സെടുത്തു.
രോഹിത് ശര്‍മ്മക്കു പകരം ഓപ്പണറായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. ഒരു സിക്‌സറടിച്ച് നന്നായി തുടങ്ങിയ സഞ്ജു ആ ഓവറില്‍ തന്നെ പുറത്തായി. എട്ട് റണ്‍സെടുത്ത സഞ്ജുവിനെ സ്‌കോട്ട് കുഗള്‍ജെയിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ പിടികൂടി. വിരാട് കോലി (11) ഹാമിഷ് ബെന്നറ്റിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നറുടെ ഉജ്ജ്വല ക്യാച്ചില്‍ പുറത്തായി. ശ്രേയാസ് അയ്യരും (1), ശിവം ദുബേയും (12) ഇഷ് സോധിയുടെ ഇരകളായി. അയ്യരെ സീഫര്‍ട്ട് സ്റ്റമ്പ് ചെയ്തപ്പോള്‍ ദുബേ ടോം ബ്രൂസിനു പിടികൊടുത്ത് മടങ്ങി.
വാഷിംഗ്ടണ്‍ സുന്ദറിനെ ക്ലീന്‍ ബൗള്‍ഡാക്കിയ സാന്റ്‌നര്‍ ഇന്ത്യയെ ആറു വിക്കറ്റ് നഷ്ടത്തില്‍ 88 എന്ന നിലയിലേക്ക് തള്ളി വിട്ടു. ഏഴാം വിക്കറ്റില്‍ മനീഷ് പാണ്ഡെ – ശര്‍ദ്ദുല്‍ താക്കൂര്‍ സഖ്യം 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാമിഷ് ബെന്നറ്റിന്റെ പന്തില്‍ ടിം സൗത്തി പിടിച്ചാണ് താക്കൂര്‍ (20) പുറത്തായത്. യുസ്‌വേന്ദ്ര ചഹാലിനെ (1) ടിം സൗത്തിയുടെ പന്തില്‍ സീഫര്‍ട്ട് പിടികൂടി. 36 പന്തുകളില്‍ മൂന്നു ബൗണ്ടറിയടക്കം 50 റണ്‍സെടുത്ത പാണ്ഡെയും ഒമ്പത് റണ്‍സെടുത്ത സെയ്‌നിയും പുറത്താവാതെ നിന്നു.
Story Highlights: India, New Zealand, T-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here