Advertisement

ചെന്നൈയിന്‍ എഫ്‌സിയുടെ ഗോള്‍മഴ; പരാജയത്തോടെ പ്ലേ ഓഫ് കാണാതെ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

February 1, 2020
1 minute Read

ചെന്നൈയോട് നാണംകെട്ട തോല്‍വി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്രതിരോധ നിര പൂര്‍ണമായും പരാജയമായതോടെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ചെന്നൈ അടിച്ച് കൂട്ടിയത് ആറ് ഗോളുകള്‍. തുടക്കമുതല്‍ അനവശ്യമായി ഗോളുകള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് ഗോളുകള്‍ മടക്കിയെങ്കിലും മത്സരത്തില്‍ പരാജയപ്പെട്ടു.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താവും. റാഫേല്‍ ക്രിവെല്ലാരോ, നെരിയൂസ് വാല്‍സ്‌കിസ്, ലാലിയന്‍സുവാല ചാംഗ്‌തെ എന്നിവര്‍ ചെന്നൈയിക്കായി ഇരട്ട ഗോളുകള്‍ നേടി. കേരളത്തിന്റെ മൂന്ന് ഗോളുകളും ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയുടെ ബൂട്ടില്‍ നിന്നായിരുന്നു. ടൂര്‍ണമെന്റിലെ തന്നെ ആദ്യ ഹാട്രിക്ക് നേട്ടമാണിത്.

ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് മൂന്ന് ഗോളടിച്ച് ചെന്നൈയിന്‍ എഫ്‌സി ലീഡ് കണ്ടെത്തി. ആറ് മിനിറ്റിനിടെയായിരുന്നു ഈ മൂന്നു ഗോളുകളും. 39ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ടി പി രഹനേഷിന്റെ പിഴവാണ് ചെന്നൈയുടെ റാഫേല്‍ ക്രിവെല്ലാരോ ആദ്യ ഗോളാക്കിയത്. മൈനസ് ലഭിച്ച പന്ത് ക്ലിയര്‍ ചെയ്യാതെ രഹനേഷ് നല്‍കിയ അലസമായ പാസ് എത്തിപ്പിടിച്ച ക്രിവെല്ലാരോ പന്ത് ഗോളാക്കുകയായിരുന്നു
ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് നെരിയൂസ് വാല്‍സ്‌കിസ് ചെന്നൈയിക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയുടെ ഒരു മിനിട്ട് അധികസമയത്തില്‍ ക്രിവെല്ലാരോ ചെന്നൈയിന്റെ മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയില്‍ 48ാം മിനിട്ടില്‍ ജെസ്സലിന്റെ പാസ് മനോഹരമായി ഓഗ്‌ബെച്ചെ വലയിലെത്തിച്ചു. എന്നാല്‍ 59ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെതിരെ ചാംഗ്‌തെ ചെന്നൈയിന്റെ ലീഡ് ഉയര്‍ത്തി.
65ാം മിനിറ്റില്‍ സിഡോ നല്‍കിയ പാസില്‍ നിന്ന് ഓഗ്‌ബെച്ചെ രണ്ടാം ഗോള്‍ നേടി. 76ാം മിനിട്ടില്‍ ഹെഡറിലൂടെ ഓഗ്‌ബെച്ചെ ഹാട്രിക്ക് തികച്ചു. ഇതോടെ നാലിനെതിരെ മൂന്ന് ഗോളുകള്‍ എന്നനിലയില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിയിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷ നല്‍കി.

80ാം മിനിട്ടില്‍ ചാംഗ്‌തെ ചെന്നൈയിന്റെ അഞ്ചാം ഗോള്‍ നേടി. അധികസമയത്തിന്റെ രണ്ടാം മിനിട്ടില്‍ വാല്‍സ്‌കിസ് ചെന്നൈയിന്റെ ആറാം ഗോളും വലയിലെത്തിച്ചു. തുടര്‍ച്ചയായ നാലാം ജയത്തോടെ 14 മത്സരങ്ങളില്‍നിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറിയ ചെന്നൈയിന്‍ പ്ലേ ഓഫ് സ്വപ്‌നം സജീവമാക്കി. മറുവശത്ത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 15 കളികളില്‍നിന്ന് 14 പോയന്റുമായി പ്ലേ ഓഫ് കാണാതെ പുറത്താവും.

 

Story Highlights-  kerala blasters vs chennain fc, isl 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top