മമ്മൂട്ടിയും വൈശാഖും വീണ്ടും; ചിത്രീകരണം അമേരിക്കയിൽ

മധുരരാജ എന്ന സിനിമക്കു ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. വൈശാഖ് തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പങ്കുവെച്ചത്. ന്യൂയോർക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അമേരിക്കയിലാണ് പൂർണമായി ചിത്രീകരിക്കുക. ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലർ സിനിമ എന്നാണ് വൈശാഖ് അറിയിച്ചിരിക്കുന്നത്.
“സുഹൃത്തക്കളേ, ഞാൻ ഒരിക്കൽ കൂടി പ്രിയപ്പെട്ട മമ്മൂക്കയുമായി ഒരുമിക്കുകയാണ്. ഇത്തവണ സിനിമയുടെ മുഴുവൻ ചിത്രീകരണവും അമേരിക്കയിലാണ് നടക്കുക. ന്യൂയോർക്ക് എന്ന് പേരിട്ടിരിക്കുന്ന സിനിമ യുജിഎം പ്രൊഡക്ഷൻസാണ് നിർമ്മിക്കുക. ഇര എന്ന സിനിമയിലൂടെ പ്രശസ്തനായ നവീൻ ജോൺ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക. ഈ ഫാമിലി ആക്ഷൻ ത്രില്ലർ സിനിമക്ക് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഞാൻ പ്രതീക്ഷിച്ചുന്നു.”- വൈശാഖ് കുറിച്ചു.
പോക്കിരിരാജ എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ സ്വതന്ത്ര സിനിമാ സംവിധാനത്തിലേക്ക് കടന്ന വൈശാഖ് സീനിയേഴ്സ്, വിശുദ്ധൻ, മല്ലു സിംഗ്, പുലിമുരുകൻ തുടങ്ങി മികച്ച സിനിമകൾ ഒരുക്കിയ ആളാണ്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഇറങ്ങിയ മധുരരാജ ആണ് വൈശാഖിൻ്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ആണ് മമ്മൂട്ടിയുടേതായി അവസാനം തീയറ്ററുകളിൽ എത്തിയ സിനിമ. മമ്മൂട്ടി ബോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് അനീഷ് ഹമീദും ബിബിൻ മോഹനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോബി ജോർജാണ് നിർമ്മാണം. ഗോപി സുന്ദർ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം മീന, രാജ്കിരൺ, സിദ്ധിക്ക്, ബൈജു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. മാസ് ആക്ഷൻ എൻ്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രം തീയറ്ററിൽ നിറഞ്ഞോടുകയാണ്.
Story Highlights: Vysakh, Mammootty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here