“എന്തുകൊണ്ട് ഋഷഭ് പന്തിന് അവസരം നൽകിയില്ല?”; കോലിയെ കുറ്റപ്പെടുത്തി സെവാഗ്

ന്യൂസിലൻഡിനെതിരായ നാലാം ടി-20 മത്സരത്തിൽ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് അവസരം നൽകാതിരുന്നത് എന്തു കൊണ്ടാണെന്ന് മുൻ താരം വീരേന്ദർ സെവാഗ്. റിസർവ് താരങ്ങൾക്കു പോലും അവസരം നൽകിയപ്പോൾ പന്തിനെ പുറത്തു നിർത്തിയത് ശരിയായില്ലെന്നും സെവാഗ് പറഞ്ഞു. ക്രിക്ബസ് ഷോയിലാണ് സെവാഗ് കോലിയെയും ടീം മാനേജ്മെൻ്റിനെയും വിമർശിച്ച് രംഗത്തെത്തിയത്.
“പുറത്തിരുത്തിയാൽ ഋഷഭ് പന്ത് എങ്ങനെ റൺസ് സ്കോർ ചെയ്യും? സച്ചിനെ പുറത്തിരുത്തിയിരുന്നു എങ്കിൽ അദ്ദേഹം റൺസ് സ്കോർ ചെയ്യുമായിരുന്നോ? പന്ത് ഒരു മാച്ച് വിന്നറാണെങ്കിൽ എന്തു കൊണ്ട് അയാളെ കളിപ്പിക്കുന്നില്ല? അദ്ദേഹത്തിനു സ്ഥിരത ഇല്ലാത്തതിനാലാണോ? ഞങ്ങളുടെ സമയത്ത് ക്യാപ്റ്റൻ കളിക്കാരോട് കാര്യങ്ങളൊക്കെ സംസാരിക്കുമായിരുന്നു. വിരാട് കോലി അങ്ങനെ ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഞാൻ ടീം സെറ്റപ്പിൽ പെട്ട ആളല്ല. പക്ഷേ, രോഹിത് ശർമ്മ ഏഷ്യ കപ്പിൽ നായകനായപ്പോൾ കളിക്കാരോടെല്ലാം സംസാരിക്കുമായിരുന്നു എന്ന് ആളുകൾ പറയുന്നു.”- സെവാഗ് പറഞ്ഞു.
അതേ സമയം, മുൻ നായകൻ എംഎസ് ധോണിക്കെതിരെയും സെവാഗ് രംഗത്തെത്തി. “മൂന്ന് മുൻനിര കളിക്കാർ മോശം ഫീൽഡർമാരാണെന്ന് ധോണി പറഞ്ഞത് ഞങ്ങൾ മാധ്യമങ്ങളിൽ നിന്നാണ്. ഞങ്ങളോട് നേരിട്ട് പറഞ്ഞിട്ടില്ല. ടീം മീറ്റിംഗിലും പറഞ്ഞിട്ടില്ല. വാർത്താസമ്മേളനത്തിനിടെ ആണ് ധോണി ഇക്കാര്യം പറയുന്നത്. ടീം മീറ്റിംഗിൽ പറഞ്ഞത് രോഹിത് പുതുമുഖ താരമായതിനാൽ അവനെ കളിപ്പിക്കണമെന്നും അത് റൊട്ടേഷൻ പോളിസി ആണെന്നും ആയിരുന്നു.”- സെവാഗ് കൂട്ടിച്ചേർത്തു.
മത്സരത്തിൽ സൂപ്പർ ഓവറിലാണ് ഇന്ത്യ ജയിച്ചത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡ് നേടിയ 14 റണ്‍സ് ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
Story Highlights: Virender Sehwag, Rishabh Pant, Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here