നിർഭയ കേസ്; ഡൽഹി ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

നിർഭയ കേസിലെ വധശിക്ഷ നടപ്പാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഡൽഹി ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്. വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഡൽഹി പട്യാല ഹൗസ് കോടതി നടപടി ചോദ്യം ചെയ്ത് കേന്ദ്രസർക്കാരും തീഹാർ ജയിൽ അധികൃതരും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കും. ഇത് സംബന്ധിച്ച് നാല് പ്രതികൾക്കും ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു.
ഞായറാഴ്ചയാണെങ്കിലും വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ഇന്ന് മൂന്ന് മണിക്ക് സിറ്റിംഗ് നടത്താൻ ഡൽഹി ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്ത ഡൽഹി പട്യാല ഹൗസ് കോടതി നടപടിക്കെതിരെയാണ് കേന്ദ്രസർക്കാർ ഇന്നലെ ഹർജി സമർപ്പിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കേട്ട ജസ്റ്റിസ് സുരേഷ് കുമാർ കൈദ്, പ്രതികളുടെ ഭാഗം കൂടി കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ വാദം. മുകേഷ് സിംഗിന്റെ നിയമപരിഹാര വഴികൾ അവസാനിച്ചത് കോടതിയെ അറിയിച്ചിരുന്നു. പ്രതി വിനയ് ശർമയുടെ ദയാഹർജി രാഷ്ട്രപതി ഇന്നലെ തള്ളി. നിലവിൽ അക്ഷയ് കുമാർ സിംഗിന്റെ ദയാഹർജി മാത്രമാണ് രാഷ്ട്രപതിയുടെ പരിഗണനയിലുള്ളത്. പവൻകുമാർ ഗുപ്ത ഇതുവരെ ദയാഹർജി നൽകിയിട്ടില്ല. ദയാഹർജി തള്ളിയാൽ ഡൽഹി ജയിൽചട്ട പ്രകാരം 14 ദിവസം കൂടി പ്രതിക്ക് ലഭിക്കും. പ്രതികളെ ഒരുമിച്ചു തൂക്കണമോയെന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനം നിർണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here