Advertisement

തകർത്തെറിഞ്ഞ് ഇന്ത്യ; പാകിസ്താൻ 172നു പുറത്ത്

February 4, 2020
1 minute Read

അണ്ടർ-19 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താനു ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താൻ 43.1 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. 62 റൺസെടുത്ത ക്യാപ്റ്റൻ റൊഹൈൽ നാസറാണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർ ഹൈദർ അലി 56 റൺസെടുത്തു. പാക് നിരയിൽ ആകെ മൂന്നു താരങ്ങൾ മാത്രമാണ് ഇരട്ടയക്കം കടന്നത്. ഇന്ത്യക്കു വേണ്ടി സുഷാന്ത് മിശ്ര മൂന്നു വിക്കറ്റ് വീഴ്ത്തി.

പാകിസ്താൻ്റെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. രണ്ടാം ഓവറിൽ തന്നെ അവർക്ക് ഓപ്പണർ മുഹമ്മദ് ഹുറൈറയെ നഷ്ടമായി. 4 റൺസെടുത്ത ഹുറൈറയെ സുഷാന്ത് മിശ്രയുടെ പന്തിൽ ദിവ്യാൻഷ് സക്സേന കൈപ്പിടിയിലൊതുക്കി. ഏറെ വൈകാതെ ഫഹദ് മുനീർ (0) രവി ബിഷ്ണോയുടെ പന്തിൽ അഥർവ അങ്കോലേക്കറിൻ്റെ കൈകളിൽ അവസാനിച്ചു. മൂന്നാം വിക്കറ്റിൽ റൊഹൈൽ നാസർ-ഹൈദർ അലി കൂട്ടുകെട്ട് 62 റൺസ് കൂട്ടിച്ചേർത്തു. യശസ്വി ജയ്സ്വാളാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 56 റൺസെടുത്ത ഹൈദർ അലിയെ ജയ്സ്വാളിൻ്റെ പന്തിൽ രവി ബിഷ്ണോയ് പിടികൂടി.

ഖാസിം അക്രം (9) റൺ ഔട്ടായി. അഞ്ചാം വിക്കറ്റിൽ റൊഹൈൽ നാസർ-മുഹമ്മദ് ഹാരിസ് സഖ്യം ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും അങ്കോലേക്കറിൻ്റെ പന്തിൽ അസാമാന്യ ക്യാച്ചിലൂടെ ഹാരിസിനെ (21) പുറത്താക്കിയ ദിവ്യാൻഷ് സക്സേന പാകിസ്താനു തിരിച്ചടി നൽകി. വാലറ്റം വേഗത്തിൽ തകർന്നടിഞ്ഞു.

ഇർഫാൻ ഖാനെ (3) കാർത്തിക് ത്യാഗി ക്ലീൻ ബൗൾഡാക്കിയപ്പോൾ അബ്ബാസ് അഫ്രീദിയെ (2) രവി ബിഷ്ണോയ് വിക്കറ്റിനു മുന്നിൽ കുരുക്കി. ഏറെ വൈകാതെ പൊരുതി നിന്ന റൊഹൈൽ നാസറും പുറത്തായി. സുഷാന്ത് മിശ്രയുടെ പന്തിൽ തിലക് വർമ പിടിച്ച് പുറത്താവുമ്പോൾ റൊഹൈൽ 62 റൺസെടുത്തിരുന്നു. താഹിർ ഹുസൈനെ (2) കാർത്തിക് ത്യാഗി വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിൻ്റെ കൈകളിൽ എത്തിച്ചു. ആമിർ അലിയാവട്ടെ (1) സുഷാന്ത് മിശ്രയുടെ പന്തിൽ സിദ്ധേഷ് വീറിൻ്റെ കൈകളിൽ അവസാനിച്ചു.

Story Highlights: India, Pakistan, U-19 World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top