ശാരീരിക ചൂഷണത്തിനിരയായ 16 വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം; പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചതായി പരാതി

ശാരീരിക ചൂഷണത്തിനിരയായ പെൺകുട്ടിയുടെ ചിത്രവും മേൽവിലാസവും പ്രചരിപ്പിച്ച പ്രതികളെ കൊച്ചി പള്ളുരുത്തി പൊലീസ് രക്ഷപ്പെടാൻ അനുവദിച്ചതായി പരാതി. പ്രതികൾക്കെതിരെ പൊലീസ് കേസെടുക്കാതായതോടെ പെൺകുട്ടിയും മാതാവും മാധ്യമങ്ങളെ സമീപിച്ചതാണ് പള്ളുരുത്തി പൊലീസിന്റെ പ്രതികാര നടപടിക്ക് കാരണം. കേസിന്റെ വിശദാംശങ്ങളറിയാൻ പൊലീസിനെ സമീപിച്ച പെൺകുട്ടിയെ അവഹേളിച്ചതായും പരാതിയുണ്ട്.
ശാരീരിക ചൂഷണത്തിനിരയായ 16 വയസുകാരിയോടും, മാതാവിനോടുമാണ് പള്ളുരുത്തി പൊലീസിന്റെ പ്രതികാര നടപടി. പെൺകുട്ടിയുടെ ചിത്രവും മേൽവിലാസവും ഒരു സംഘം ആളുകൾ ചേർന്ന് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതായതോടെ ഇവർ മാധ്യമങ്ങളെ സമീപിച്ചു. വാർത്ത പുറത്ത് വന്നതോടെ പൊലീസിന് കുറ്റക്കാർക്കെതിരെ കേസെടുക്കേണ്ടി വന്നു. എന്നാൽ പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാക്കുന്നില്ല എന്ന് മാത്രമല്ല പ്രതികൾക്ക് നാടുകടക്കാൻ വേണ്ട ഒത്താശയും ചെയ്തു നൽകി. കേസിന്റെ വിശദാംശങ്ങളറിയാൻ പൊലീസിനെ സമീപിച്ചപ്പോൾ കടുത്ത അവഹേളനവും നേരിടേണ്ടി വന്നതായി ഇവർ പരാതി പറയുന്നു.
ചിത്രം നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പെൺകുട്ടിയും കുടുംബവും നാട് ഉപേക്ഷിച്ച് ഒളിവിൽ കഴിയുകയാണ്. മാത്രമല്ല, ഇതോടെ പെൺകുട്ടി പഠനവും ഉപേക്ഷിച്ചു.
നേരത്തെ എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയും അമ്മയും കാത്തിരുന്നത് 12 മണിക്കൂറിൽ അധികമാണ്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴര വരെ അവിടെ കാത്തിരുന്നു. പൊലീസ് സ്റ്റേഷന് പുറത്തിരുത്തിയെന്നും വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
Story Highlights: Sexual Assault, Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here