അണ്ടർ-19 ലോകകപ്പ്: ഇന്ന് ഇന്ത്യ-പാകിസ്താൻ സ്വപ്ന സെമി

ഇക്കൊല്ലത്തെ അണ്ടർ-19 ലോകകപ്പിലെ ആദ്യ സെമിഫൈനൽ നാളെ. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പോരാട്ടമായ ഇന്ത്യ-പാകിസ്താൻ മത്സരത്തിനാണ് നാളെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക. ഇന്ത്യൻ സമയം ഉച്ചക്ക് 1.30 നാണ് മത്സരം നടക്കുക. ടൂർണമെൻ്റിലെ ശക്തരായ രണ്ട് ടീമുകളാണ് നേർക്കുനേർ ഏറ്റുമുട്ടുക. ചിരവൈരികൾ തമ്മിലുള്ള പോരാട്ടം കൂടി ആയതു കൊണ്ട് തന്നെ മത്സരം ആവേശകരമാകും.
ഓപ്പണർ യശസ്വി ജയ്സ്വാളിൻ്റെ തകർപ്പൻ ഫോമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. 4 മത്സരങ്ങളിൽ നിന്ന് 207 റൺസാണ് യശസ്വിയുടെ സമ്പാദ്യം. അത്ഭുതപ്പെടുത്തുന്ന 103.50 ആണ് താരത്തിൻ്റെ ശരാശരി. ടൂർണമെൻ്റിലെ ടോപ്പ് സ്കോറർ പട്ടികയിൽ ഉൾപ്പെട്ട യശസ്വിക്ക് 80 റൺശ് കൂടി നേടിയാൽ ഒന്നാം സ്ഥാനത്തെത്താം. നിലവിൽ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള യശസ്വിയുടെ മുകളിൽ ഉള്ളവരെല്ലാം താരത്തെക്കാൾ മത്സരങ്ങൾ കളിച്ചതാണ്. നാലു മത്സരങ്ങളിൽ മൂന്നിലും യശസ്വി അർദ്ധശതകം കുറിച്ചു.
നാലു മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളുള്ള രവി ബിഷ്ണോയിയും ടൂർണമെൻ്റിൽ ഇന്ത്യയുടെ കണ്ടെത്തലാണ്. നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയിൽ ഏഴാമതാണ് രവി. കാർത്തിക് ത്യാഗിക്ക് 9 വിക്കറ്റുകൾ ഉണ്ട്. ഓസ്ട്രേലിയക്കെതിരെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ത്യാഗിയുടെ യോർക്കറുകൾ ഓസീസ് നിരയിൽ കനത്ത നാശം വിതച്ചിരുന്നു.
ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. 74 റൺസിനാണ് ഇന്ത്യ ഓസീസിനെ കെട്ടുകെട്ടിച്ചത്. മറ്റൊരു ഏഷ്യൻ ടീമായ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ വിജയിച്ചാണ് പാകിസ്താൻ സെമി ഉറപ്പിച്ചത്. അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റിനാണ് പാകിസ്ഥാൻ തോൽപിച്ചത്. കളിച്ച നാലു മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോൾ പാകിസ്താൻ്റെ അവസാന ഗ്രൂപ്പ് മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Story Highlights: India, Pakistan, U-19 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here