രഞ്ജി ട്രോഫി; കേരളത്തെ തരം താഴ്ത്തി

രഞ്ജി ട്രോഫിയിൽ കേരളത്തെ തരം താഴ്ത്തി. ഗ്രൂപ്പ് സിയിലേക്കാണ് കേരളത്തെ തരം താഴ്ത്തിയത്. എലൈറ്റ് ഗ്രൂപ്പ് എ, ബിയിൽ 17ആം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് കേരളത്തിനു തിരിച്ചടിയായത്. കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ കേരളത്തിനു പിന്നിൽ ഹൈദരാബാദ് മാത്രമാണുള്ളത്. ഹൈദരാബാദും തരം താഴ്ത്തപ്പെട്ടു.
എട്ടു മത്സരങ്ങൾ കളിച്ച കേരളം അഞ്ചിലും പരാജയപ്പെട്ടു. ആകെ ജയിച്ചത് ഒരേയൊരു മത്സരമാണ്. രണ്ട് മത്സരങ്ങൾ സമനില ആയപ്പോൾ ഒരു മത്സരം മഴ മൂലം തടസപ്പെട്ടു. ആകെ 10 പോയിൻ്റുകൾ മാത്രമാണ് കേരളത്തിനുള്ളത്. വിദർഭക്കെതിരെ നടന്ന അവസാന മത്സരമാണ് മഴയിൽ മുടങ്ങിയത്.
അതേ സമയം, എലൈറ്റ് ഗ്രൂപ്പ് സിയിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഗ്രൂപ്പ് എബിയിലേക്ക് ഉയർത്തപ്പെട്ടു. ജമ്മു കശ്മീരും ഒഡീഷയുമാണ് നില മെച്ചപ്പെടുത്തിയത്. 8 മത്സരങ്ങൾ കളിച്ച ജമ്മു കശ്മീർ 6 ജയവും രണ്ട് സമനിലയും ഉൾപ്പെടെ 39 പോയിൻ്റ് നേടി ഗ്രൂപ്പിൽ ഒന്നാമതായപ്പോൾ അത്ര തന്നെ മത്സരങ്ങൾ കളിച്ച ഒഡീഷ 5 മത്സരങ്ങൾ ജയിച്ചു. രണ്ട് മത്സരങ്ങൾ സമനില പാലിച്ച ഒഡീഷ ഒരു കളിയിൽ പരാജയപ്പെട്ടു. 35 പോയിൻ്റുള്ള അവർ പട്ടികയിൽ രണ്ടാമതാണ്.
2017-18 സീസണിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരളം 18-19 സീസണിൽ സെമി കളിച്ചിരുന്നു. രണ്ട് തവണയും വിദർഭയാണ് കേരളത്തെ തോല്പിച്ചത്. ഡേവ് വാട്ട്മോർ പരിശീലകനായതിനു ശേഷം കേരള ടീമിൻ്റെ ഏറ്റവും ദയനീയ പ്രകടനമാണിത്. കളിക്കാരുടെ പരുക്കും ബാറ്റിംഗ് വിഭാഗത്തിൻ്റെ മോശം പ്രകടനങ്ങളുമാണ് കേരളത്തിനു തിരിച്ചടി ആയത്. ഇന്ത്യ എ ടീമിലും ദേശീയ ടീമിലും കളിച്ച സഞ്ജു സാംസണിൻ്റെയും എ ടീമിൽ കളിച്ച സന്ദീപ് വാര്യരുടെയും അഭാവവും കേരളത്തിൻ്റെ പ്രകടനങ്ങളെ ബാധിച്ചു.
Story Highlights: Kerala, Ranji Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here