ബുംറയെപ്പോലെ പന്തെറിഞ്ഞ് ന്യൂസിലൻഡ് ബാലൻ; രസകരമായ കമന്റുമായി ചഹാൽ: വീഡിയോ വൈറൽ

ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിൻ്റെ ബൗളിംഗ് ആക്ഷനാണ്. സാധാരണ ബൗളിംഗ് ആക്ഷനുകളിൽ വ്യത്യസ്തമായ ആക്ഷൻ കാരണം ബുംറയുടെ പന്തുകൾ റീഡ് ചെയ്യാൻ ബാറ്റ്സ്മാന്മാർക്ക് ബുദ്ധിമുട്ടാണ്. അതോടൊപ്പം ആക്ഷൻ അനുകരിക്കാനും ബുദ്ധിമുട്ടാണ്. വിരാട് കോലി ഉൾപ്പെടെയുള്ള ചിലർ ബുംറയെ ഭാഗികമായി അനുകരിച്ചിട്ടുണ്ടെങ്കിലും പൂർണമായും ബുംറയുടെ ആക്ഷൻ അനുകരിക്കാൻ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ ഒരു ന്യൂസിലൻഡ് ബാലൻ ഇപ്പോൾ ബുംറയെ കൃത്യമായി അനുകരിച്ചിരിക്കുകയാണ്.
നെറ്റ്സിൽ പന്തെറിയുന്ന ന്യൂസിലൻഡ് ബാലൻ്റെ വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. ജസ്പ്രീത് ബുംറയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്ത വീഡിയോയിൽ ബുംറയെ കൃത്യമായി അനുകരിച്ച് പന്തെറിയുന്ന ബാലനെ കാണാം. വീഡിയോ വൈറലായതിനു പിന്നാലെ ഒട്ടേറെ താരങ്ങൾ ബാലനെ അഭിനന്ദിച്ച് രംഗത്തെത്തി.
തുടർന്ന് ന്യൂസിലൻഡ്-ഇന്ത്യ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാലിനെ വീഡിയോ കാണിച്ച് കമൻ്റേറ്റർ സൈമൺ ഡോൾ അഭിപ്രായം ആരാഞ്ഞു. ബുംറയെക്കാൾ നന്നായിട്ടുണ്ടെന്നായിരുന്നു ചഹാലിൻ്റെ മറുപടി. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 22 റണ്‍സിന് തോല്‍പ്പിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യുസീലാന്‍ഡ് എട്ട് വിക്കറ്റിന് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര ബാറ്റിംഗ് ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. 48.3 ഓവറില്‍ 251 റണ്‍സിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ക്രീസ് വിട്ടു.
How good is this kids impersonation of @Jaspritbumrah93 in Auckland. @BCCI @BLACKCAPS #woweee pic.twitter.com/0XDtSEqWaW
— Ollie Pringle (@OlliePringle63) February 7, 2020
Story Highlights: Jasprit Bumrah, Twitter, Video, Yuzvendra Chahal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here