അണ്ടർ-19 ലോകകപ്പ് ഫൈനൽ: ബംഗ്ലാദേശിനു ടോസ്; ഇന്ത്യക്ക് ബാറ്റിംഗ്

അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ അക്ബർ അലി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങുക. ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. ടൂർണമെൻ്റിൽ തോൽവി അറിയാതെയാണ് ഇന്ത്യയുടെ വരവ്.
ടൂർണമെൻ്റിൽ ഉജ്ജ്വല ഫോം തുടരുന്ന യശസ്വി ജയ്സ്വാളിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകൾ. 5 ഇന്നിംഗ്സുകളിൽ നിന്നായി 156 ശരാശരിയിൽ 312 റൺസെടുത്ത ജയ്സ്വാൾ തന്നെയാണ് ടൂർണമെൻ്റിലെ ടോപ്പ് സ്കോറർ. ടോപ്പ് സ്കോറർ പട്ടികയിൽ ഏറ്റവും മുന്നിലുള്ള ബംഗ്ലാദേശ് താരം മഹ്മൂദുൽ ഹസൻ ജോയ് ആണ്. 16ആം സ്ഥാനത്തുള്ള താരം ന്യൂസിലൻഡിനെതിരെ നടന്ന സെമിഫൈനലിൽ സെഞ്ചുറി നേടിയിരുന്നു. 5 ഇന്നിംഗ്സുകളിൽ നിന്ന് 176 റൺസാണ് താരത്തിൻ്റെ സമ്പാദ്യം.
രവി ബിഷ്ണോയുടെ ബൗളിംഗ് മികവും ഇന്ത്യയ്ക്ക് വലിയ ഗുണമാണ്. 5 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളുള്ള ബിഷ്ണോയ് പട്ടികയിൽ നാലാമതാണ്. ബംഗ്ലാദേശിൻ്റെ റാകിബുൽ ഹസൻ 11 വിക്കറ്റുകളുമായി എട്ടാമതുണ്ട്. ഇന്ത്യയുടെ കാർത്തിക് ത്യാഗി-ആകാശ് സിംഗ് പേസ് ദ്വയവും മികച്ച ഫോമിലാണ്. 11 വിക്കറ്റുകളുമായി ത്യാഗി 9ആം സ്ഥാനത്തും 7 വിക്കറ്റുകളുമായി ആകാശ് 11ആം സ്ഥാനത്തുമാണ്.
സെമിഫൈനലിൽ ന്യൂസിലൻഡിനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 44.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു. ബംഗ്ലാദേശിനായി മഹ്മൂദുൽ ഹസൻ ജോയ് സെഞ്ചുറി അടിച്ചു.
ഇന്ത്യയാവട്ടെ ചിരവൈരികളായ പാകിസ്താനെയാണ് പരാജയപ്പെടുത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 വിജയലക്ഷ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. യശസ്വി ജയ്സ്വാള്‍ (105), ദിവ്യാന്‍ഷ് സക്സേന (59) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ തന്നെ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. ജയ്സ്വാള്‍ 113 പന്തില്‍ നിന്നും എട്ട് ഫോറും നാല് സിക്സും അടക്കമാണ് സെഞ്ചുറി നേട്ടം കൈവരിച്ചത്.
Story Highlights: India, Bangladesh, U-19 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here