തൃശൂര്‍ ഡിസിസിയില്‍ പോസ്റ്റര്‍ യുദ്ധം; ടി എന്‍ പ്രതാപനും എം പി വിന്‍സെന്റിനും എതിരെ പോസ്റ്റര്‍

തൃശൂര്‍ ഡിസിസിയില്‍ പോസ്റ്റര്‍ യുദ്ധം. ടി എന്‍ പ്രതാപന്‍ എംപിക്കെതിരെയും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പട്ടികയില്‍ ഉള്ള എം പി വിന്‍സെന്റിനെതിരെയുമാണ് നഗരത്തില്‍ വിവിധയിടങ്ങളിലായി പോസ്റ്ററുകള്‍ പതിപ്പിച്ചത്. വിന്‍സെന്റിന് മുന്നില്‍ പ്രതാപന്‍ ആദര്‍ശം പണയം വച്ചതായാണ് ആരോപണം. ഇന്നലെ രാത്രിയിലാണ് നഗരത്തില്‍ വിവിധയിടങ്ങളിലായി പോസ്റ്ററുകള്‍ പതിപ്പിച്ചത്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ എംഎല്‍എ എം പി വിന്‍സെന്ററിനെ പരിഗണിക്കാനുള്ള നീക്കത്തിനെതിയാണ് പോസ്റ്റര്‍. നിലവിലെ എംപിയും മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന ടി എന്‍ പ്രതാപന്‍ വിന്‍സെന്റിനു മുന്നില്‍ ആദര്‍ശം പണയം വച്ചുവെന്നും വിന്‍സന്റിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നുമാണ് ആരോപണം.
കഴിഞ്ഞ ദിവസം ഡിസിസിയില്‍ ചേര്‍ന്ന യോഗത്തില്‍ എം പി വിന്‍സെന്റിന്റെ പേര് മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എഴുതി നല്കിയതെന്ന് ജില്ലയുടെ ചാര്‍ജുള്ള കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഐ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു നീക്കം. എം പി വിന്‍സെന്റിനെ കടന്നാക്രമിക്കുന്ന പോസ്റ്ററില്‍ വ്യക്തിപരമായ അധിക്ഷേപവും ഉണ്ട്.
തൃശൂര്‍ പ്രസ് ക്ലബിനു മുന്‍വശത്തും വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്ക് സമീപവും സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിനു മുന്നിലും പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. പ്രസ് ക്ലബിന് മുന്നില്‍ പോസ്റ്റര്‍ പതിപ്പിക്കാനെത്തിയ ആളുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നു. പ്രതാപന്‍ എംപിയായതിനു പിന്നാലെ ഡിസി സിക്ക് അകത്ത് പുതിയ പ്രസിഡന്റിനെ ചൊല്ലി തര്‍ക്കം മുറുകിയിരുന്നു.
Story Highlights: congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here