തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ നീട്ടിവെക്കാനോ സർക്കാർ ശ്രമിക്കുന്നില്ല; മന്ത്രി എസി മൊയ്തീൻ

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ നീട്ടിവെക്കാനോ സർക്കാർ ശ്രമിക്കുന്നില്ലെന്ന് മന്ത്രി എസി മൊയ്തീൻ നിയമസഭയിൽ. സർക്കാർ ഒരു തെരഞ്ഞെടുപ്പിനെയും ഭയക്കുന്നില്ല. വോട്ടർ പട്ടിക സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ നേരിട്ട് ഹാജരായി വീണ്ടും വോട്ടർ പട്ടികയിൽ പേരു ചേർക്കണമെന്ന വ്യവസ്ഥ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോടതി വിധി അനുസരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി എസി മൊയ്തീൻ മറുപടി നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഫെബ്രുവരി 14നകം പൂർത്തിയാക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് തിരുവനന്തപുരം നഗരസഭ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 28ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.
2015 തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക പ്രകാരം 6 അര ലക്ഷത്തോളം വോട്ടർമാരായിരുന്നു നഗരസഭയിലെ നൂറു വാർഡുകളിലായി ഉണ്ടായിരുന്നത്. അഞ്ച് വർഷത്തിനുള്ളിൽ, മരണപ്പെട്ടവരെയും സ്ഥലം മാറി പോയവരെയൊക്കെ കണ്ടെത്തി കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണം. 18 കഴിഞ്ഞവരെ പട്ടികയിൽ ചേർത്ത് പുതുക്കണം. കുറഞ്ഞ ദിവസത്തിനുള്ളിൽ നഗരസഭയ്ക്ക് ചെയ്ത് തീർക്കാനുള്ളത് ശ്രമകരമായ ജോലിയാണ്. ഇതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം നഗരസഭയിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നത്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലീം ലീഗ്, ബിജെപി, കോൺഗ്രസ് എസ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Story Highlights: AC Moideen, Local Body Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here