കോതമംഗലം പള്ളിത്തർക്ക കേസ്; സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

കോതമംഗലം പള്ളിത്തർക്ക കേസിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ ഓർഡിനൻസിലെ വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു സർക്കാരിന്റെ ആവശ്യം.
കോതമംഗലം മാർത്തോമൻ ചെറിയ പള്ളി കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ റിവ്യൂ ഹർജി നൽകിയത്. പള്ളിയും സ്വത്തുക്കളും ജില്ലാ കളക്ടർ ഏറ്റെടുക്കാൻ സുപ്രിംകോടതിയുടെ വിധിയിൽ നിർദേശമില്ലെന്നിരിക്കെ, സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സർക്കാർ വാദം. ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ ആരൊക്കെയെന്ന് വ്യക്തത വരാതെ പള്ളിയിലുള്ള വിശ്വാസികളെ നീക്കാനാകില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളിയത്. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ ഓർഡിനൻസിലെ വ്യവസ്ഥകൾ ബാധകം ആയിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓർത്തഡോക്‌സ് വൈദികൻ തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ പള്ളി ഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
അതേസമയം, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കളക്ടർ നൽകിയ അപേക്ഷ പരിഗണിച്ച കോടതി വിധി നടപ്പാക്കാൻ സാവകാശം അനുവദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here