ഐപിഎൽ കേരളത്തിലേക്ക്?; രാജസ്ഥാൻ റോയൽസ് ഗ്രീൻഫീൽഡിൽ കളിക്കുമെന്ന് റിപ്പോർട്ട്

ഐപിഎൽ മത്സരങ്ങൾ തുടങ്ങാൻ ഇനി ഒന്നര മാസത്തോളമേയുള്ളൂ. മാർച്ച് 29നാണ് സീസൺ ആരംഭിക്കുക. ഇപ്പോഴിതാ ഈ ഐപിഎല്ലിൽ കേരളം വേദിയാകുമെന്നാണ് സൂചനകൾ. രാജസ്ഥാൻ റോയൽസ് തങ്ങളുടെ വേദി തിരുവനന്തപുരം ഗ്രീൻഫീൽഡിലേക്ക് മാറ്റുമെന്നും കിംഗ്സ് ഇലവൻ ഉൾപ്പെടെ ചില ക്ലബുകൾ രണ്ടാം വേദിയായി ഗ്രീൻഫീൽഡിൽ ചില മത്സരങ്ങൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അസമിലെ ഗുവാഹത്തി സ്റ്റേഡിയവും രാജസ്ഥാൻ്റെ പരിഗണനയിലുണ്ട്.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ മികച്ചതാണെന്നാണ് രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ കണ്ടെത്തൽ. കേരളത്തിലെ ആരാധകരുടെ കടുത്ത ക്രിക്കറ്റ് പ്രേമവും മാനേജ്മെൻ്റിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഗ്രീൻഫീൽഡിൽ നടന്ന രാജ്യാന്തര മത്സരങ്ങൾക്ക് ലഭിച്ച പിന്തുണയും തിരുവനന്തപുരത്തിനു ഗുണമാകും. ഗ്രീൻഫീൽഡ് സ്റ്റേഡിയം, ടീമിലെ സുപ്രധാന താരമായ സഞ്ജു സാംസണിൻ്റെ ഹോം ഗ്രൗണ്ടാണ് എന്നതും മാനേജ്മെൻ്റ് പരിഗണിക്കുന്നുണ്ട്.
രാജസ്ഥാൻ റോയൽസ് ങ്ങളുടെ ടീം ആസ്ഥാനം രാജസ്ഥാനിൽ നിന്ന് മാറ്റുന്നു എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജയ്പൂരിൽ തുടർച്ചയായി ക്ലബിന് കയ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വരികയാണെന്നും ഭരണകൂടം തങ്ങളെ പല തരത്തിലും ദ്രോഹിക്കുകയാണെന്നും രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റ് പറയുന്നു. നേരത്തെ, തങ്ങളുടെ ഏഴ് ഹോം മത്സരങ്ങളിൽ ചിലത് ഗുവാഹത്തിയിൽ കളിക്കാമെന്ന് മാനേജമെൻ്റ് തീരുമാനിച്ചിരുന്നു.
മെയ് 24ന് മുംബൈയിൽ വെച്ച് ഫൈനൽ മത്സരം നടക്കും. നാലു മണിക്കും എട്ടു മണിക്കുമാണ് മത്സരങ്ങൾ നടക്കുക. 8 മണിക്കുള്ള മത്സരം 7.30ന് ആക്കണമെന്ന സ്റ്റാർ സ്പോർട്സിൻ്റെ ആവശ്യം ബിസിസിഐ തള്ളി. രണ്ട് മത്സരങ്ങൾ ആകെ അഞ്ചു ദിവസങ്ങളിൽ മാത്രമാണ് ഉണ്ടാവുക.
Story Highlights: IPL, Rajasthan Royals, Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here