‘മുഴുവൻ പടം ഇടാനുള്ള സന്മനസെങ്കിലും കാണിക്കണം’ ;തൊട്ടപ്പൻ സിനിമയുടെ വ്യാജ പതിപ്പിന് എതിരെ അണിയറക്കാർ

‘തൊട്ടപ്പൻ’ സിനിമയുടെ വ്യാജ പതിപ്പുകൾക്ക് എതിരെ അണിയറക്കാർ. കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തൊട്ടപ്പൻ തിയറ്ററുകളിൽ റിലീസ് ആയതിന് ശേഷം ഓൺലൈൻ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫഌക്‌സിലും പ്രദർശനത്തിനെത്തിച്ചിരുന്നു. വിനായകൻ ആണ് നായകൻ.
Read Also: മരിച്ചു പോയ മകൾ അമ്മയെ കാണാനെത്തി; വെർച്വൽ റിയാലിറ്റി മാജിക്കിൽ ഒരു ടെലിവിഷൻ ഷോ
പക്ഷേ രണ്ടര മണിക്കൂർ നീളമുള്ള സിനിമ ഒരു മണിക്കൂർ ചുരുക്കി യൂട്യൂബിലും അപ്‌ലോഡ് ചെയ്തിരിക്കുന്നു. ഇതിനെതിരെയാണ് കുറിപ്പിലൂടെ അണിയറക്കാരുടെ പ്രതിഷേധം.
കുറിപ്പ് വായിക്കാം,
പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങൾ പങ്കുവച്ച തൊട്ടപ്പൻ ഈ ആഴ്ച നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ആയിരുന്നു. തിയറ്ററിൽ സിനിമ കാണാതിരുന്നവർ ഓൺലൈൻ റിലീസിന് ശേഷം ഒത്തിരി നല്ല അഭിപ്രായങ്ങൾ അറിയിച്ചതിലും ഏറെ സന്തോഷം. ഇപ്പോഴിതാ സിനിമയുടെ വ്യജപതിപ്പുകളും ഓൺലൈനിൽ വ്യാപകമായിരിക്കുന്നതായും അറിയുന്നു.. എന്നാൽ സിനിമയോട് നീതിപുലർത്താതെ രണ്ടര മണിക്കൂർ ഉള്ള ചിത്രം, രണ്ട് മണിക്കൂറിൽ താഴെയാക്കി ചുരുക്കിയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
മുഴുവൻ പടം പ്രേക്ഷകരെ കാണിക്കാനുള്ള സന്മനസെങ്കിലും നിങ്ങൾ കാണിക്കണമായിരുന്നു…
രണ്ടര മണിക്കൂർ സിനിമയെ രണ്ട് മണിക്കൂറിൽ താഴെയാക്കി ചുരുക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ട്.
നിങ്ങളുടെ ഇത്തരമൊരു ക്രൈം സിനിമയുടെ നിലവാരത്തെയും, പ്രേക്ഷകന് ലഭിക്കേണ്ട കാഴ്ച അനുഭവത്തെയും തന്നെ തകർക്കുന്ന ഒന്നായെ കാണാനാകൂ..
സിനിമക്ക് വരുന്ന സാമ്പത്തിക നഷ്ടത്തിനേക്കാൾ അപ്പുറം, സിനിമയെന്ന കലാരൂപത്തെ തകർക്കുന്ന ഒന്നാണ് ഇത്.
അതേസമയം നിങ്ങൾ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിൽ ഒരു പരാതിയോ പരിഭവമോ ഞങ്ങൾക്കില്ല, പക്ഷെ ഈ സിനിമയുടെ നിലവാരത്തെ തന്നെയാണ് അറിഞ്ഞോ അറിയാതയോ നിങ്ങൾ തകർക്കുന്നത് എന്നതിൽ ഏറെ ദുഃഖമുണ്ട്.
യൂട്യൂബിൽ മികച്ച അഭിപ്രായങ്ങൾ പങ്കുവച്ചവർക്കും നന്ദി!
നിങ്ങളുടെ പറമ്പിലെ വാഴക്കുല മോഷ്ട്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നു എന്ന് പറയുന്നവരോട് നിങ്ങൾ എന്ത് പറയും? എന്ന് ചോദിച്ചുകൊണ്ട് നിർത്തുന്നു.
thottappan malayalam movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here