പ്രണയദിനത്തില്‍ വീഡിയോ ഗാനത്തിലൂടെ തിരിച്ച് വരാനൊരുങ്ങി നവനീത് മാധവ്

ബാലതാരമായി മലയാളിയുടെ മനസില്‍ നിറഞ്ഞാടിയ നവനീത് മാധവിനെ ആരും മറന്ന് കാണില്ല. ഒരുകാലത്ത് മലയാള സിനിമയിലും സീരിയിലിലും സജീവമായിരുന്ന നവനീത് വീണ്ടും തിരിച്ചെത്തുകയാണ്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ നവനീത് അഭിനയിച്ച കുട്ടിച്ചാത്തന്‍ സീരിയല്‍ അക്കാലത്ത് കുട്ടികളുടെ ഇഷ്ട പരമ്പരയായിരുന്നു. പുതിയ മ്യൂസിക് വീഡിയോയിലൂടെ വീണ്ടും അഭിനയരംഗത്ത് മടങ്ങിയെത്തുകയാണ് നവനീത്. ജ്യേഷ്ഠന്‍ നീരജ് മാധവിന്റെ പാതയില്‍ അഭിനയരംഗത്ത് ചുവടറുപ്പിക്കുക തന്നെയാണ് തന്റെ സ്വപ്‌നം എന്ന് നവനീത് മാധവ് ട്വന്റിഫോര്‍ന്യൂസ്‌ഡോട്ട്‌കോമിനോട് പറഞ്ഞു.
നവനീത് അഭിനയിച്ച കൊഞ്ചം നേരം എന്ന തമിഴ് പ്രണയഗാനം മണിക്കൂറുകള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായ സന്തോഷത്തിലാണ് നവനീത്. പ്രണയിച്ച് കൊണ്ടേയിരിക്കുക എന്നതാണ് തന്റെ പ്രണയദിന സന്ദേശം എന്ന് നവനീത് മാധവ് ട്വന്റിഫോര്‍ന്യൂസ്‌ഡോട്ട്‌കോമിനോട് പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും ചേട്ടന്‍ നീരജ് മാധവിന്റെ സഹായമുണ്ടെന്നും നവനീത് പറയുന്നു. നീരജ് മാധവിനെ കൂടെ ഭാഗമാക്കി നവനീത് സംവിധായകനായി എത്തുന്ന എന്നിലെ വില്ലന്‍ എന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.
ബംഗളൂരൂവിലെ ഡിഗ്രി പഠനകാലത്തെ സൗഹൃദ കൂട്ടായ്മയിലൂടെയാണ് പുതിയ വീഡിയോ ഗാനം പിറന്നതെന്ന് നവനീത് പറയുന്നു. ഷെയ്ന്‍ നിഗം നായകനായി അഭിനയിച്ച വെയില്‍ എന്ന മലയാള ചിത്രത്തിലെ നായിക സോന ഓലിക്കലാണ് മ്യൂസിക് വീഡിയോയില്‍ നവനീതിന്റെ നായികയായി എത്തിരിക്കുന്നത്.
മാണിക്യക്കല്ല്, കുഞ്ഞനന്തന്റെ കട, കേശു എന്നിവയാണ് നവനീത് ബാലതാരമായി എത്തിയ മലയാളചിത്രങ്ങള്‍. നവനീത് കേന്ദ്രകഥാപത്രമായി എത്തിയ കേശുവിന് 2009 ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിന് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിറ്റുണ്ട്. കുട്ടിച്ചാത്തന്‍ സീരിയലിലൂടെയാണ് നവനീത് ശ്രദ്ധിക്കപ്പെടുന്നത്. ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടിയ നവനീത് വീണ്ടും സിനിമ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്.
Story Highlights- Navaneetha Madhav returns with new song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here