സ്‌പെക്ട്രം ലൈസൻസ് ഫീസ് അടയ്ക്കാൻ ടെലികോം കമ്പനികൾക്ക് സുപ്രിംകോടതിയുടെ അന്ത്യശാസനം

സ്‌പെക്ട്രം ലൈസൻസ് ഫീസ് ഇനത്തിൽ കേന്ദ്രസർക്കാരിന് അടയ്ക്കാനുള്ള 1.47 ലക്ഷം കോടി രൂപ അടുത്ത മാസം പതിനേഴിന് മുൻപ് അടയ്ക്കണമെന്ന് ടെലികോം കമ്പനികൾക്ക് സുപ്രിംകോടതിയുടെ അന്ത്യശാസനം. ഇല്ലെങ്കിൽ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.
Read Also: ചൈനീസ് ടെലികോം ഭീമൻ ഇന്ത്യയിലേക്ക്; ജിയോക്ക് ഭീഷണിയാകുമെന്ന് റിപ്പോർട്ട്
ടെലികോം കമ്പനികളെയും വകുപ്പിനെയും ജസ്റ്റിസ് അരുൺ മിശ്ര നിശിതമായ വിമർശിച്ചു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് ? സുപ്രിംകോടതി ഉത്തരവിട്ടിട്ടും ഒരു രൂപ പോലും ടെലികോം കമ്പനികൾ കേന്ദ്രസർക്കാരിന് അടച്ചില്ല.
ടെലികോം വകുപ്പിലെ ഡെസ്‌ക് ഓഫീസർ കോടതി വിധി മരവിപ്പിച്ച് മറ്റൊരു ഉത്തരവിറക്കി. സുപ്രിംകോടതിക്ക് ഒരു വിലയുമില്ലേ? ഇതെല്ലാം പണത്തിന്റെ ഹുങ്കാണ്. മാർച്ച് പതിനേഴിനകം ടെലികോം കമ്പനികൾ കുടിശിക തുക അടച്ചുതീർക്കണം. ഇല്ലെങ്കിൽ ചീഫ് മാനേജിംഗ് ഡയറക്ടർമാരെ വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
സുപ്രിംകോടതി ഉത്തരവ് മരവിപ്പിച്ച ടെലികോം വകുപ്പിലെ ഡെസ്‌ക് ഓഫീസറെ രൂക്ഷമായി വിമർശിച്ച കോടതി, സുപ്രിംകോടതി അടച്ചുപൂട്ടണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനും തീരുമാനിച്ചിട്ടുണ്ട്. കുടിശിക അടയ്ക്കണമെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് കോടതി ഉത്തരവിട്ടത്. ടെലികോം കമ്പനികളുടെ പുനഃപരിശോധനാ ഹർജികൾ തള്ളിയിരുന്നു.
telecom companies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here